വയനാട്: കേണിച്ചിറയിൽ ഭീതി പരത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടിൽ. കേണിച്ചിറ സ്വദേശി സാബുവിന്റെ വീടിനോട് ചേർന്ന് വച്ചിരുന്ന രണ്ടാമത്തെ കൂട്ടിലാണ് തോൽപെട്ടി പതിനേഴാമൻ എന്ന കടുവ അകപ്പെട്ടത്. പശുക്കളുടെ ഇറച്ചി തേടി രണ്ടാമതും കടുവ മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിലെത്തിയിരുന്നു.
കടുവയെ പിടികൂടുന്നതിനായി മയക്കുവെടി വെയ്‌ക്കുന്നടക്കമുള്ള കാര്യങ്ങളിലേക്ക് വനംവകുപ്പ് കടന്നിരുന്നു. ഇതിനിടയിലാണ് കടുവ കൂട്ടിലകപ്പെട്ടത്. കടുവയെ സുരക്ഷിതമായി കടുവ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി പൂതാടി ഗ്രാമപഞ്ചായത്ത് 2,16, 19 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 24 വരെ സി.ആർ.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. അഡീഷണൽ ഡിസ്ടിക്റ്റ് മജിസ്ട്രേറ്റ് കെ. ദേവകിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയത് ജനങ്ങളിൽ ഭീതി പടർത്തിരുന്നു. കൂട്ടിലായതോടെ ഇതിനൊരു ആശ്വാസമായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.















