പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനെതിരെ രൂക്ഷവിമർശനം. പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കുന്ന രീതിയിലായിരുന്നു ചിഹ്നത്തെ സംബന്ധിച്ചുള്ള എ.കെ.ബാലന്റെ പ്രസംഗമെന്നും നേതാക്കളുടെ ഇത്തരം അപക്വമായ പരാമർശങ്ങളാണ് പാർട്ടിക്കേറ്റ തിരിച്ചടിക്ക് കാരണമെന്നുമാണ് കമ്മിറ്റിയുടെ വിമർശനം.
ചിഹ്നം സംരക്ഷിക്കാൻ വോട്ട് പിടിക്കണമെന്ന് പ്രവർത്തകരോട് പരസ്യമായി ആവശ്യപ്പെട്ടതുൾപ്പടെ എകെ.ബാലന്റെ ചില പ്രസ്താവനകൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനം ഉയർന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നേതാക്കളിൽ ചിലർ നടത്തിയ പ്രതികരണങ്ങൾ, പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കി. എ.വിജയരാഘവനെ പോലുള്ള പോളിറ്റ് ബ്യൂറോ അംഗത്തെ മത്സരിപ്പിച്ചിട്ടും, സംഘടനാ പ്രവർത്തനത്തിലെ വീഴ്ചയാണ് പാലക്കാട് പാർട്ടി തോൽക്കാൻ കാരണമെന്നും യോഗം വിലയിരുത്തി.
നെല്ല് സംഭരണത്തിലെ പോരായ്മകളും, സംഘടനാ പ്രവർത്തനത്തിലെ വീഴ്ചയുമാണ് പി.ബി അംഗത്തെ മത്സരിപ്പിച്ചിട്ടും പാലക്കാട് തോൽക്കാൻ കാരണമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. നെല്ല് സംഭരിച്ചതിന്റെ തുക കൃത്യമായി കർഷകർക്ക് സർക്കാർ നൽകിയില്ല, ഇത് പാലക്കാട് പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നും നേതാക്കളിൽ ചിലർ യോഗത്തിൽ ഉന്നയിച്ചു. യോഗത്തിൽ മുഖ്യമന്ത്രിക്കും, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.















