വിവാഹവാർഷിക ദിനത്തിൽ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി നടൻ ധർമജനും ഭാര്യയും. പതിവിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ധർമജൻ ഇക്കുറി വിവാഹ വാർഷിക ദിനം ആഘോഷമാക്കിയത്. ഇന്ന് രാവിലെ 10.30 ഓടെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വച്ചാണ് ഭാര്യയെ രണ്ടാമതും വിവാഹം കഴിച്ചത്. ധർമജൻ ഭാര്യയെ താലികെട്ടി തുളസിമാല അണിയിക്കുന്ന വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്.
വിവാഹ വാർഷിക ദിനത്തിൽ വീണ്ടും വിവാഹിതനാകുന്നുവെന്ന വിവരം ഇന്ന് രാവിലെ ഫെയ്സ്ബുക്കിലൂടെ താരം അറിയിച്ചിരുന്നു. ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ, മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം.’- എന്നാണ് ധർമജൻ കുറിച്ചത്. ഇതിനോടകം ധർമജന്റെ പോസ്റ്റും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
വർഷംതോറും പൂർവാധികം ഭംഗിയായി നടത്തുന്ന ഒരുത്സവമാകട്ടെ വിവാഹവാർഷികം, കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല , കൊള്ളാലോ ഈ ട്രെൻഡ്…വിവാഹ മംഗളാശംസകൾ, ഇടയ്‌ക്കിടയ്‌ക്ക് പെണ്ണ് കെട്ടണം എന്ന് തോന്നുന്ന ആളുകൾ ധർമ്മജനെ കണ്ടു പഠിക്കട്ടെ എന്നിങ്ങനെ നിരവധി കമന്റുകളാണ് ധർമജന്റെ പോസ്റ്റിന് വരുന്നത്. അനൂജ എന്നാണ് ധർമജന്റെ ഭാര്യയുടെ പേര്. ഇരുവർക്കും വേദ, വൈഗ എന്നിങ്ങനെ രണ്ടു പെൺമക്കളുണ്ട്.















