ന്യൂഡൽഹി: ലോക്സഭയിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സഹമന്ത്രിമാരിൽ മൂന്നാമതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. “കൃഷ്ണാ, ഗുരുവായൂരപ്പാ..” എന്ന് മന്ത്രിച്ചായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യാൻ ആരംഭിച്ചത്. പതിനെട്ടാം ലോക്സഭാ സമ്മേളനത്തിന്റെ ആദ്യദിനത്തിൽ പ്രധാനമന്ത്രിയുടെയും എംപിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കേരളത്തിന്റെ അഭിമാനമായ സുരേഷ് ഗോപി മൂന്നാം മോദി മന്ത്രിസഭയിലെ പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിയാണ്.
നേരത്തെ ലോക്സഭയിലെത്തിയ അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ലോകത്തെമ്പാടുമുള്ള മലയാളികൾക്കും വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി അറിയിക്കുന്നു. മാതൃകാപരമായ പ്രവർത്തനം കാഴ്ച വയ്ക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ കേരളത്തിൽനിന്നുള്ള ആദ്യ ലോക്സഭാംഗം കൂടിയാണ് സുരേഷ് ഗോപി.