സിനിമയിൽ ഹാസ്യതാരങ്ങളെ നിറത്തിന്റെ പേരിൽ കളിയാക്കുന്നത് തനിക്ക് ഇഷ്ടമില്ലെന്ന് നടി ഉർവ്വശി. നായകനെ ഉയർത്തി കാണിക്കുന്നതിനായി ഹാസ്യതാരത്തെ മോശമാക്കുന്ന പ്രവണത നല്ലതല്ലെന്നും ഉർവ്വശി പറഞ്ഞു. ജനിക്കുന്ന സമയത്ത് ഈശ്വരൻ ഓരോരുത്തർക്കും സൗന്ദര്യം നൽകിയിട്ടുണ്ട്, അതിനെ കളിയാക്കുന്നവരെ എനിക്ക് ഇഷ്ടമില്ലെന്നും ഉർവ്വശി വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടയിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ജനിക്കുന്ന സമയത്ത് ഈശ്വരൻ ഓരോരുത്തർക്കും സൗന്ദര്യം നൽകിയിട്ടുണ്ട്. എനിക്കിഷ്ടമുള്ളവരൊക്കെ സുന്ദരന്മാരും സുന്ദരികളുമാണ്. എനിക്ക് ഇഷ്ടമില്ലാത്തവരൊക്കെ സുന്ദരികളും സുന്ദരന്മാരുമല്ല. കറുത്തവൻ, വെളുത്തവൻ എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നവരെ എനിക്ക് കണ്ണിന് കണ്ടുകൂടാ… ഓരോരുത്തർക്കും ഈശ്വരൻ നൽകുന്ന സൗന്ദര്യമാണ്.
സൗന്ദര്യം നമ്മുടെ കാഴ്ചപ്പാടാണ്. സിനിമയിലും ആരെയും സൗന്ദര്യത്തിന്റെ പേരിൽ കുറ്റം പറയുന്നത് എനിക്കിഷ്ടമില്ല. നായകനെ ഉയർത്തി കാണിക്കുന്നതിനായി ഹാസ്യതാരത്തെ മോശമാക്കുന്ന പ്രവണത നല്ലതല്ല. ഇത്, കാലാകാലങ്ങളായി സിനിമയിലുണ്ട്. ഒരു പരിധിക്ക് അപ്പുറമായാൽ, അതുപോലും ആസ്വദിക്കാൻ എനിക്ക് സാധിക്കില്ല. ഹാസ്യതാരത്തിന്റെ കുടുംബത്തിലും മക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ അയാളൊരു ഹീറോയാണ്. അപ്പോൾ, അയാളെ തരംതാഴ്‌ത്തുന്നത് ശരിയായിട്ടുള്ള രീതിയല്ല. വ്യക്തിപരമായി എനിക്ക് ഇതൊന്നും ഇഷ്ടമല്ല.’- ഉർവ്വശി പറഞ്ഞു.















