മലയാളത്തിന് ഒരു ലേഡീ സൂപ്പർസ്റ്റാർ ഉണ്ടെങ്കിൽ അത് ഉർവശി ആണെന്ന് പ്രേക്ഷകർ പറയാറുണ്ട്. ഏതു റോളും ഗംഭീരമായി കൈകാര്യം ചെയ്യാനും ആക്ഷനും കട്ടിനും ഇടയിൽ കഥാപാത്രമാകാൻ ഞൊടിയിടയിൽ മാറാനും മലയാളത്തിൽ ഒരു നടിക്ക് മാത്രമേ സാധിക്കൂ, അതാണ് ഉർവശി. മലയാളത്തിലും മറ്റ് ഇൻഡസ്ട്രികളിലും നായികമാർ സ്വയം ടൈറ്റിൽ അണിയുമ്പോൾ എന്തുകൊണ്ടാണ് ഉർവശി അതിൽ നിന്നും മാറിനിൽക്കുന്നതെന്ന് ജനങ്ങൾ ചോദിക്കാറുണ്ട്. അതിന് മറുപടി നൽകുകയാണ് താരം. തനിക്ക് സൂപ്പർസ്റ്റാർ പദവി വേണ്ടെന്നും ജനങ്ങളുടെ സ്നേഹം മാത്രം മതിയെന്നും ഉർവശി പറഞ്ഞു.
“സൂപ്പർസ്റ്റാർ പട്ടം ഒക്കെ എനിക്കെന്തിനാണ്. അതൊക്കെ സീസണൽ ആയിട്ട് വരുന്നതല്ലേ. നിങ്ങളുടെ സ്നേഹം മാത്രം മതി എനിക്ക്. എനിക്ക് ‘എവർഗ്രീൻ സ്റ്റാർ’ എന്ന് ഒരു അവാർഡ് തന്നിട്ട് ആ ടൈറ്റിൽ ഞാൻ ഇടുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ചിലർ പിണക്കത്തിലാണ്. ഇത്തരമൊരു അവാർഡ് നൽകിയിട്ടും എന്തുകൊണ്ട് സിനിമയിൽ ആ ടൈറ്റിൽ ഇടുന്നില്ല എന്ന് അവർ ചോദിക്കുന്നുണ്ട്. ഒരു സിനിമ റിലീസ് ആയി കഴിയുമ്പോഴാണ് ഞാൻ അക്കാര്യം ഓർക്കുന്നത്. മറ്റുള്ളവർ ഒക്കെ ഇട്ടോട്ടെ. നിങ്ങളുടെ ഹൃദയത്തിൽ എന്നോട് ആ സ്നേഹം ഉണ്ടായാൽ മതി. ആ സ്നേഹമേ നിലനിൽക്കുകയുള്ളൂ”.
“ഞാൻ ഒരു സിനിമയിലും അഭിനയിക്കാൻ പോകുകയാണെന്ന് ചിന്തിച്ചുകൊണ്ട് പോകാറില്ല. അങ്ങനെ പോയാൽ ഞാൻ പെട്ടുപോകും. ഡയറക്ടർ ആക്ഷൻ എന്നു പറഞ്ഞാൽ ഞാൻ ചെയ്യും, കട്ട് എന്നു പറഞ്ഞാൽ ഞാൻ ഞാനാകും. ഞാൻ ഗ്ലിസറിൻ ഉപയോഗിക്കാറില്ല. ഞാൻ ഇവിടെ നിന്നും ഒരിടത്തേക്ക് പോയി എന്ന് ഇതുവരെ തോന്നിയിട്ടില്ല. ഞാൻ ഈ ജനറേഷന്റെ കൂടെയും ഇവിടെ നിൽക്കുകയല്ലേ. അവർക്കും എനിക്കും ഒരേ പ്രായം”- ഉർവശി പറഞ്ഞു.