ചണ്ഡിഗഡ്: ടോയ് ട്രെയിൻ അപകടത്തിൽ 11-കാരന് ദാരുണാന്ത്യം. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. പഞ്ചാബിലെ നവൻഷാഹിർ സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം മാളിലെത്തിയ ഷെഹ്ബാസ് സിംഗാണ് അപകടത്തിൽ മരിച്ചത്.
അപകടസമയത്ത് ടോയ് ട്രെയിനിന്റെ അവസാന കംപാർട്ട്മെന്റിലായിരുന്നു ഷെഹ്ബാസ്. മറ്റൊരു ബന്ധുവും കുട്ടിയുടെ ഒപ്പമുണ്ടായിരുന്നു. മാളിലെ ഒരു വളവിൽ എത്തിയപ്പോൾ പെട്ടെന്നാണ് ട്രെയിൻ മറിഞ്ഞത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഷെഹ്ബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഒപ്പമുണ്ടായിരുന്നു ബന്ധു പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു.
വളവിലെത്തിയപ്പോഴും ട്രെയിൻ വേഗത കുറയ്‌ക്കാതിരുന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി 9.30ഓടെയായിരുന്നു അപകടം നടന്നത്. ഷെഹ്ബാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ട്രോയ് ട്രെയിൻ ഓടിച്ചിരുന്ന ഡ്രൈവറുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്.















