തിരുവനന്തപുരം: തമിഴ്‌നാട് കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. തമിഴ്‌നാട് എക്‌സൈസ് മന്ത്രിയുടെ രാജി ഉൾപ്പെടെ ഡിഎംകെ സർക്കാരിൽ നിന്ന് എന്ത് നടപടികളാണ് ആവശ്യപ്പെടുന്നതെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ്സും വ്യക്തമാക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
“ഏറ്റവും വലിയ വിഷമദ്യ ദുരന്തങ്ങളിലൊന്നാണ് തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ദുരന്തം.ഭരണഘടനയെക്കുറിച്ച് ഇപ്പോഴും ബഹളമുണ്ടാക്കുകയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന രാഹുലിന്റെ കോൺഗ്രസ് തമിഴ്‌നാട്ടിലെ തങ്ങളുടെ INDI സഖ്യകക്ഷിയുടെ സർക്കാരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല എന്നത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്.
തമിഴ്‌നാട് എക്‌സൈസ് മന്ത്രിയോട് എത്രയും വേഗം രാജി ആവശ്യപ്പെടുന്നത് ഉൾപ്പെടെ ഡിഎംകെ സർക്കാരിൽ നിന്ന് എന്ത് നടപടികളാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും വ്യക്തമാക്കണം . കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ നഷ്ടം എങ്ങനെ ലഘൂകരിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും “അദ്ദേഹം പറഞ്ഞു .
“പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എങ്ങനെയെങ്കിലും കുറച്ച് പണം നൽകി എന്നെന്നേക്കുമായി നഷ്ടപരിഹാരം നൽകാമെന്ന ഈ വിശ്വാസം തന്നെ നാണക്കേടാണ്. തമിഴ്‌നാട്ടിലെ ഈ ദുരന്തത്തെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിക്കുകയും പരിഹരിക്കേണ്ടത് എങ്ങനെയെന്ന് പറയുകയും ചെയ്യേണ്ടത് പ്രധാനമാണ്. തമിഴ്‌നാട്ടിലെ INDI സർക്കാരിന്റെ അവഗണനയുടെ അനന്തരഫലമായി ജീവൻ നഷ്ടപ്പെട്ട 56 പേരുടെ കുടുംബാംഗങ്ങളുടെ ജീവിതം അദ്ദേഹം എങ്ങനെ നന്നാക്കും, ”അദ്ദേഹം ചോദിച്ചു.
അതിനിടെ 57 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി ദുരന്തവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ബിജെപി നേതാക്കളുടെ സംഘം ഗവർണർ ആർഎൻ രവിയെ രാജ്ഭവനിൽ സന്ദർശിച്ചു.
തിങ്കളാഴ്ച ജില്ലാ ഭരണകൂടം പുറത്തുവിട്ട പുതുക്കിയ വിവരമനുസരിച്ച് അനധികൃത മദ്യം കഴിച്ച് തമിഴ്‌നാട്ടിൽ മരിച്ചവരുടെ എണ്ണം 57 ആയി. സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ 156 പേരാണ് അനധികൃത മദ്യം കഴിച്ച് ചികിത്സയിൽ കഴിയുന്നത്.















