ഗ്രൗണ്ടിന് നാലുപാടും ബൗണ്ടറികൾ പായിച്ച് ഓസ്ട്രേലിയൻ ബൗളർമാരെ തല്ലിയൊതുക്കിയ രോഹിത് ശർമ്മ സെഞ്ച്വറിക്കരികെ വീണു. 19 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ഇന്ത്യൻ നായകൻ 41 പന്തിൽ 92 റൺസെടുത്ത് നിൽക്കെയാണ് പുറത്തായത്. ഇന്ത്യൻ സ്കോർ 52 റൺസിലെത്തുമ്പോൾ നായകൻ 50 കടന്നിരുന്നു.
ഓസ്ട്രേലിയൻ നിരയിൽ ഹിറ്റ്മാന്റെ ബാറ്റിന്റെ കൂടുതൽ ചൂടറിഞ്ഞത് മിച്ചൽ സ്റ്റാർക്കാണ്. സ്പെല്ലിന്റെ ആദ്യ ഓവറിൽ 29 റൺസാണ് ഇടം കൈയൻ ബാറ്റർ വഴങ്ങിയത്. ഋഷഭ് പന്തിനൊപ്പം ചേർന്ന് നേടിയ 87 റൺസിൽ 70ഉം പിറന്നത് ഹിറ്റ്മാന്റെ ബാറ്റിൽ നിന്നാണ്. എട്ട് സിക്സറുകളും ഏഴ് ബൗണ്ടറിയും പറത്തിയ രോഹിത്തിനെ സ്റ്റാർക്ക് തന്നെയാണ് ഒടുവിൽ പുറത്താക്കിയതും. വമ്പനടിക്ക് ശ്രമിച്ച താരത്തിന്റെ ബാറ്റിലുരുമിയ പന്ത് സ്റ്റമ്പിൽ പതിക്കുകയായിരുന്നു.
ടി20 ലോകകപ്പിൽ ഏറ്റവും അധികം സിക്സ് നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്താനും രോഹിത്തിനായി. സൂപ്പർ എട്ടിൽ ജോസ്ബട്ലറെയും വാർണറെയുമാണ് ഇന്ത്യൻ നായകൻ മറികടന്നത്. 44 സിക്സറുകൾ പേരിലാക്കിയ രോഹിത് 63 സിക്സുകൾ പറത്തിയ ക്രിസ് ഗെയിലിന് പിന്നിലാണ്.















