കുന്ദാപുര(ഉഡുപ്പി) : ക്ഷേത്രത്തിൽ നിന്ന് പശുക്കളെ മോഷ്‌ടിക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. വാജിദ് (26), ഫൈസൽ (40) എന്നിവരാണ് അറസ്റ്റിലായത്.മംഗളൂരുവിലെ ബാജ്‌പേ സ്വദേശികളാണ് ഇരുവരും. മൂന്ന് പേരാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും മൂന്നാമനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഉഡുപ്പിക്ക് സമീപം കുന്ദാപുരയിലെ കമലാശിലെ ക്ഷേത്രത്തിലെ പശുക്കളെയാണ് ഇവർ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്. ജൂൺ 15 ന് ആണ് സംഭവം. പുലർച്ചെ 2.45 ഓടുകൂടിയാണ് മോഷ്‌ടാക്കൾ ക്ഷേത്ര വളപ്പിലെത്തിയത്.
ക്ഷേത്രത്തിലെ ഗോശാലയിൽ കടന്ന് കത്തി കൊണ്ട് പശുവിനെ കെട്ടിയ കയർ അറക്കുകയായിരുന്നു. . സിസിടിവിയിലൂടെ ഈ ദൃശ്യങ്ങൾ കണ്ട സെക്യൂരിറ്റി ഏജൻസി ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാർക്കും പൊലീസിനും ജാഗ്രതാ നിർദ്ദേശം നൽകി. തുടർന്ന് മോഷ്‌ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ശങ്കരനാരായണ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.















