നരേന്ദ്രമോദി- ഷെയ്ഖ് ഹസീന ചർച്ച അറിയിച്ചില്ല; ബംഗാളിനെ അറിയിക്കാതെ ബംഗ്ലാദേശുമായി ഒരു ചർച്ചയും വേണ്ടെന്നും മമത ബാനർജി

Published by
Janam Web Desk

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചർച്ച നടത്തിയത് അറിയിച്ചില്ലെന്ന പരാതിയുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമബംഗാളുമായി ആലോചിക്കാതെ ബംഗ്ലാദേശുമായി നടത്തുന്ന ചർച്ചകൾ ഏകപക്ഷീയമാണെന്നും അത് അംഗീകരിക്കാനാകില്ലെന്നുമാണ് മമതയുടെ നിലപാട്. കഴിഞ്ഞ ദിവസം ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തിയപ്പോഴാണ് പ്രധാനമന്ത്രി ഉൾപ്പെടെയുളളവരുമായി ചർച്ച നടത്തിയത്.

പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ്  മമത വിയോജിപ്പ് രേഖപ്പെടുത്തിയത്. ടീസ്റ്റ നദീജല കരാർ ചർച്ചാവിഷയമായതാണ് മമതയെ പ്രകോപിപ്പിച്ചത്. ടീസ്റ്റ നദീജലം പരിപാലിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാൻ സാങ്കേതിക സംഘത്തെ ബംഗ്ലാദേശിലേക്ക് അയയ്‌ക്കാൻ ചർച്ചകളിൽ ധാരണയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മമതയുടെ വിമർശനം.

ബംഗ്ലാദേശുമായുളള നദീജല കരാറിനെ മമത നേരത്തെയും ശക്തമായി എതിർത്തിരുന്നു. ഇത്തരം കരാറുകളുടെ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പശ്ചിമബംഗാളിലെ ജനങ്ങളാണെന്ന് മമത പറയുന്നു. 2026 ൽ അവസാനിക്കുന്ന ഇൻഡോ -ബംഗ്ലാദേശ് ഫറാക്ക കരാർ പുതുക്കാനാണ് കേന്ദ്രസർക്കാർ നീക്കം നടത്തുന്നതെന്നും ബംഗാളിലെ ജനജീവിതത്തെ ഇത് പലതരത്തിൽ ബാധിക്കുമെന്നും മമത ചൂണ്ടിക്കാട്ടുന്നു.

Share
Leave a Comment