ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ കിരീട മോഹങ്ങൾ തല്ലിക്കെടുത്തിയ പാറ്റ് കമ്മിൻസിനും സംഘത്തിനും ടി20 ലോകപ്പിൽ പുറേത്തക്കുള്ള വഴികാട്ടി രോഹിത്തും സംഘവും. 24 റൺസിന് തകർത്താണ് മധുപപ്രതികാരം വീട്ടിയത്. ഹെഡിന്റെ ചുമലേറി ഇത്തവണയും വിജയം കൈപിടിയിലാക്കാമെന്ന മോഹത്തിനാണ് ഇന്ത്യൻ ബൗളർമാർ ഉശിരൻ മറുപടി നൽകിയത്. 206 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസീസിന് നിശ്ചിത ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 187 റൺസ് എടുക്കാനെ സാധിച്ചുള്ളു.
ജയപരാജയ നിമിഷങ്ങൾ മാറിമറിഞ്ഞ നിമിഷങ്ങളിൽ ഇന്ത്യൻ സർവമേഖലകളിലെയും ആധിപത്യം കൊണ്ടാണ് ഇന്ത്യക്ക് ജയം നേടാനായത്. മറുപടി ബാറ്റിംഗിന്റെ തുടക്കത്തിലെ ഡേവിഡ് വാർണറെ നഷ്ടമായെങ്കിലും ഓസീസ് പതറിയില്ല. ട്രാവിസ് ഹെഡിന്റെ പോരാട്ടത്തിന് മിച്ചൽ മാർഷും പിന്തുണ നൽകിയതോടെ കങ്കാരുപ്പട കത്തിക്കയറി. ഇരുവരും ചേർന്ന് 81 റൺസാണ് ഇന്നിംഗ്‌സിലേക്ക് ചേർത്തത്. പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 റൺസെന്ന നിലയിലായിരുന്നു ഓസീസ്.
പിന്നാലെ മാർഷ്(37) മടങ്ങിയെങ്കിലും ഹെഡ് ക്രീസിൽ തകർത്തടിച്ചതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. 13-ാം ഓവറിലെ ആദ്യ പന്തിൽ മാക്‌സ്വെല്ലിനെ മടക്കിയാണ് കുൽദീപ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തുടരെ വിക്കറ്റുകൾ വീണതോടെ ഓസീസ് പ്രതിരോധത്തിലായി. 76 റൺസെടുത്ത ട്രാവിസ് ഹെഡിനെ ജസ്പ്രീത് ബുമ്രയാണ് പുറത്താക്കിയത്. ഈ വിക്കറ്റാണ് മത്സരത്തിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നത്. സ്റ്റോയിനിസിനെ പുറത്താക്കാൻ അക്സർ പട്ടേൽ ബൗണ്ടറിയിലെടുത്ത അത്ഭുത ക്യാച്ചും മത്സരത്തിൽ നിർണായകമായി. ടിം ഡേവിഡ്(15), മാത്യു വെയ്ഡ്(1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ഇന്ത്യക്കായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റും കുൽദീപ് യാദവ് രണ്ട് വിക്കറ്റും സ്വന്തമാക്കി.