തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടിത്തം. സൂര്യ പാക്സ് ഗോഡൗണിന് സമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കാണ് ആദ്യം തീപിടിച്ചത്. ഇത് ഗോഡൗണിലേക്കും പടരുകയായിരുന്നു. ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്‌ക്കാൻ ശ്രമം തുടരുകയാണ്. 12 ഫയർ ഫോഴ്സ് യൂണിറ്റുകളാണ് നിലവിൽ സ്ഥലത്തെത്തിയിരിക്കുന്നത്.
അപകടത്തിൽ ആർക്കും ആളപായമില്ല. ഇൻഡസ്ട്രിയൽ ഏരിയയിൽ ഇതിനുമുൻപും നിരവധി തവണ തീപിടിത്തം ഉണ്ടായിട്ടുള്ളതായാണ് വിവരം. കെട്ടിടങ്ങളിൽ പലതും പ്ലാസ്റ്റിക് വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലങ്ങളാണ്. ഇതാണ് തീ വളരെ വേഗം പടർന്നുപിടിക്കാൻ കാരണമായത്. സമീപത്തുള്ള മറ്റ് ഗോഡൗണുകളിലേക്കും തീപടരാനുള്ള സാധ്യത കണക്കിലെടുത്ത് തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്‌സ് തുടരുകയാണ്. കൂടുതൽ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുമെന്നാണ് വിവരം.















