ന്യൂഡൽഹി : ഡൽഹിയിൽ വീടിനു തീപിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം . ഡൽഹി പ്രേം നഗർ ഏരിയയിൽ ഇന്ന് പുലർച്ചെ 3.30ഓടെയാണ് സംഭവം. ഗൃഹനാഥനായ ഹീരാ സിംഗ് കക്കർ(48), ഭാര്യ നീതു(40), മക്കളായ റോബിൻ(22), ലക്ഷയ്(21) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഹീരാ സിംഗിന്റെ അമ്മ സീതാദേവിയെ ചെറു പരിക്കുകളോടെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.അപകടമുണ്ടായതിന് പിന്നാലെ രണ്ട് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. തീയണച്ചതിന് പിന്നാലെ ഉദ്യോഗസ്ഥർ വീടിനുള്ളിൽ കടന്നെങ്കിലും നാല് പേരെയും ബോധരഹിതരായ നിലയിലാണ് കണ്ടെത്തിയത്.
ഉടൻ തന്നെ ഇവരെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുനില വീടിന്റെ മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഇൻവെർട്ടറിൽ നിന്ന് തീ പടർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻവെർട്ടറിൽ നിന്ന് സമീപത്തുണ്ടായിരുന്ന സോഫയിലേക്ക് തീപടർന്ന് പിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. അപകടത്തിൽ മരിച്ച നാല് പേരും മുകൾ നിലയിലാണ് താമസിച്ചിരുന്നത്. വീടിന്റെ താഴത്തെ നിലയിലാണ് സീതാദേവി താമസിച്ചിരുന്നത്. പുക ഉള്ളിൽ ചെന്നാണ് നാല് പേരുടേയും മരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.