15 വർഷത്തെ അന്താരാഷ്‌ട്ര കരിയറിന് വിരാമമിട്ട് ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ ഡേവിഡ് വാർണർ. സെൻ്റ വിൻസൻ്റിൽ ബംഗ്ലാദേശ് അഫ്ഗാനെതിരെ പരാജയപ്പെട്ടതോടെ ഓസ്ട്രേലിയ ടി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.110 അന്താരാഷ്‌ട്ര ടി20കളിൽ നിന്ന് 33.44 ശരാശരിയിൽ 3277 റൺസ് നേടിയ വാർണർ 28 അർദ്ധശതകവും ഒരു സെഞ്ച്വറിയും സ്വന്തമാക്കി. ഇന്ത്യയിൽ ഏറ്റവും ആരാധകരുള്ള വിദേശ താരങ്ങളിൽ ഒരാളാണ് വാർണർ. വിവിധ ഫ്രാഞ്ചൈസികൾക്കായി ഐപിഎൽ കളിക്കുന്ന താരം ടിക് ടോക് വീഡിയോകളിലൂടെയാണ് വലിയ ജനപ്രീതി നേടിയത്.
ഇടം കൈയൻ ഓപ്പണർ അവസാന ഏകദിനം കളിച്ചത് 2023 ലോകകപ്പ് ഫൈനലിലായിരുന്നു. ജനുവരിയിൽ പാകിസ്താനെതിരെയായിരുന്നു അവസാന ടെസ്റ്റ് മത്സരം. അതേസമയം അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻ ട്രോഫി കളിക്കാൻ താത്പ്പര്യമുണ്ടെന്ന് വാർണർ നേരത്തെ വ്യക്തമാക്കിയിരുന്ന. ടീമിന്റെ തീരുമാനം അനുസരിച്ച് അക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരെയുള്ള അവസാന മത്സരത്തിൽ ആറ് റൺസെടുത്താണ് വാർണർ പുറത്തായത്. അർഷദീപിന്റെ പന്തിൽ സൂര്യകുമാർ യാദവാണ് ക്യാച്ചെടുത്തത്. ഗാർഡ് ഓഫ് ഓണർ അടക്കമുള്ള ഒരു ആദരവും ഏറ്റുവാങ്ങാതെയായിരുന്നു മടക്കം. കാരണം സെമിയിലേക്ക് കടക്കുമെന്ന് ഓസ്ട്രേലിയയും വാർണറും പ്രതീക്ഷിച്ചിരുന്നു.