ദക്ഷിണേന്ത്യയിലെ ജനപ്രിയ താരമാണ് അനുഷ്‌ക ഷെട്ടി . ബാഹുബലിക്ക് ശേഷമാണ് താരത്തിന് ആരാധകർ ഏറിയത് . നിരവധി ദക്ഷിണേന്ത്യൻ സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ തന്റെ ആരോഗ്യനിലയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയിരുന്നു. ചിരിക്കാൻ തുടങ്ങിയാൽ നിർത്താനാവാതെ ചിരിച്ചുകൊണ്ടേയിരിക്കുന്ന അസുഖം തനിക്കുള്ളതായാണ് അനുഷ്കാ ഷെട്ടി പറയുന്നത് . വീണ്ടും സാധാരണ നിലയിലാകാൻ 20 മിനിറ്റ് വരെ എടുക്കുമെന്നും അവർ പറയുന്നു.
‘ എനിക്ക് ചിരിക്കുന്ന ഒരു രോഗമുണ്ട്. ചിരിക്കുന്നതും ഒരു രോഗമാകുമെന്നറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. എന്നാൽ എന്റെ കാര്യത്തിൽ അങ്ങനെയാണ്. ഒരിക്കൽ ചിരിക്കാൻ തുടങ്ങിയാൽ 15 മുതൽ 20 മിനിറ്റ് ചിരി നിർത്താൻ എനിക്ക് ബുദ്ധിമുട്ടാകും. ഏതെങ്കിലും കോമഡി സീൻ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ഞാൻ ചിരിച്ചുകൊണ്ട് തറയിൽ ഉരുളുന്നു. ഇതോടെ ഷൂട്ടിംഗ് പലതവണ നിർത്തിവെക്കേണ്ടി കണ്ടിട്ടുണ്ട്.‘ – എന്നാണ് അനുഷ്ക പറയുന്നത്.
അതേസമയം നടിയ്‌ക്ക് സ്യൂഡോബുൾബാർ അഫക്റ്റ് അതായത് പിബിഎ എന്ന രോഗമുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് . ഇത് അപൂർവമായ ന്യൂറോളജിക്കൽ ഡിസോർഡർ ആണ്, തലച്ചോറിനെ നേരിട്ട് ബാധിക്കുന്ന രോഗാവസ്ഥ . ഈ അവസ്ഥയിൽ ഒരാൾ അനിയന്ത്രിതമായി ചിരിക്കാൻ തുടങ്ങുന്നു അല്ലെങ്കിൽ കരയാൻ തുടങ്ങുന്നു. പക്ഷാഘാതം, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ്, ബ്രെയിന്‍ തകരാറുകൾ , അല്‍ഷിമേഴ്‌സ് രോഗം തുടങ്ങി തലച്ചോറിനെ ബാധിക്കുന്ന ന്യൂറോളജിക്കല്‍ അവസ്ഥകളോ പരിക്കുകളോ ആയി പിബിഎ ബന്ധപ്പെട്ടിരിക്കുന്നു.















