ബെംഗളൂരു: കർണ്ണാടകയിൽ മലിനജലം കുടിച്ച് വീണ്ടും മരണം , മുൾബഗലിൽ മിത്തൂർ പഞ്ചായത്തിലെ മേനാജെനഹള്ളിയിലെ വെങ്കിട്ടരമണപ്പ (65) ആണ് മരിച്ചത്. അഞ്ച് പേരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കുടിവെള്ള വിതരണ ലൈനിലേക്ക് മലിനജലം കയറിയതാകാം അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വെള്ളം കുടിച്ചതോടെ ഗ്രാമവാസികളിൽ പലർക്കും ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും വയറുവേദനയും ഉണ്ടായി .
പഞ്ചായത്തിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയിൽ പ്രതിഷേധിച്ച നാട്ടുകാർ മരണമടഞ്ഞ ആളുടെ മൃതദേഹം ടൗണിലെ പ്രധാന റോഡിൽ ഇറക്കി പ്രതിഷേധിച്ചു. ഒരാളുടെ മരണത്തിനിടയാക്കിയ കുടിവെള്ള വിഷയം പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ഗൗരവമായി എടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
മാസങ്ങളായി ഓവർഹെഡ് ടാങ്ക് വൃത്തിയാക്കാത്തതിനാൽ അവിടെ മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ കോലാർ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കർണ്ണാടകത്തിൽ മലിന ജലം കുടിച്ചുള്ള മരണം വർദ്ധിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഇത് നാലാം തവണയാണ് സമാന ദുരന്തം ഉണ്ടാകുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്വന്തം ജില്ലയായ മൈസൂരുവിൽ ഈ വര്ഷം മേയിൽ മലിനജലം കുടിച്ച് ഒരാൾ മരിക്കുകയും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ എഴുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മൈസൂരിലെ സലുണ്ടി ഗ്രാമത്തിലായിരുന്നു സംഭവം. അതിനു പിന്നാലെ മൈസൂരുവിൽ കൊല്ലേഗലയ്‌ക്ക് സമീപം മുദുവേനഹള്ളിയിൽ പൈപ്പ് ലൈനിലൂടെ വിതരണം ചെയ്ത മലിനജലം കഴിച്ച് 13 പേർക്ക് അസുഖം ബാധിച്ച സംഭവം റിപ്പോർട്ട് ചെയ്തു.
തുടർന്ന് തുംകൂർ ജില്ലയിലെ മധുഗിരി താലൂക്കിലെ ചിന്നനഹള്ളി ഗ്രാമത്തിൽ മലിനജലം കുടിച്ച് മൂന്ന് വയസുകാരി ഉൾപ്പെടെ മൂന്ന് പേർ മരിച്ച ദാരുണമായ സംഭവം ഉണ്ടായി. ഗ്രാമത്തിലെ ഓവർഹെഡ് ടാങ്കിൽ നിന്നും കുടിവെള്ള പ്ലാൻ്റിൽ നിന്നും വിതരണം ചെയ്ത വെള്ളം കുടിച്ചതിനെ തുടർന്ന് ഗ്രാമത്തിലെ 98 പേർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.















