ന്യൂഡൽഹി: 18-ാം ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം. സ്പീക്കർ സ്ഥാനാർത്ഥിയായി ഓം ബിർളയെ തന്നെയാണ് എൻഡിഎ നിശ്ചയിച്ചിരിക്കുന്നത്. 17-ാം ലോക്സഭയിലും ഓം ബിർളയായിരുന്നു സ്പീക്കർ. അതേസമയം ഇൻഡി മുന്നണിയുടെ സ്ഥാനാർത്ഥിയായി കൊടിക്കുന്നിൽ സുരേഷ് നാമനിർദേശ പത്രിക നൽകി. സഭയിൽ ഇൻഡി സഖ്യം ശക്തിതെളിയിക്കുമെന്ന് എംപി കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു.
സ്വതന്ത്ര ഇന്ത്യയിൽ സമവായ ചർച്ചയിലൂടെയായിരുന്നു ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുത്തിരുന്നത്. സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുന്നത് രാജ്യത്താദ്യമാണ്. ലോക്സഭാ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ ചുമതലയിലെത്തിയ എല്ലാ നേതാക്കളെയും ലോക്സഭയിലെ സർവകക്ഷികളും ഐകകണ്ഠ്യേനയാണ് തിരഞ്ഞെടുത്തിരുന്നത്. ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ ചർച്ച നടത്തിയതിന് ശേഷം സ്പീക്കറെ തീരുമാനിക്കുന്നതായിരുന്നു പതിവ്.
പരമ്പരാഗതമായ രീതി പിന്തുടരുന്നതിന്റെ ഭാഗമായി എൻഡിഎ സഖ്യത്തിൽ നിന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. എന്നാൽ ഡെപ്യൂട്ടി സ്പീക്കറെ കോൺഗ്രസ് നിശ്ചയിക്കുമെന്ന് ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വം അനാവശ്യ പ്രതിസന്ധി സൃഷ്ടിച്ചതോടെ ചർച്ച സമവായത്തിലെത്തിയില്ല. ഉപാധികളോടെ സ്പീക്കറെ നിശ്ചയിക്കുന്നത് ശരിയല്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. തൽഫലമായാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ സ്പീക്കർ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. ജൂൺ 26നാണ് (നാളെ) തെരഞ്ഞെടുപ്പ് നടക്കുക.















