ന്യൂഡൽഹി: കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പള്ളി പൊളിച്ചു നീക്കിയതിനെ തുടർന്ന് സംഘർഷം. നോർത്ത് വെസ്റ്റ് ഡൽഹിയിലെ മംഗോൾപുരിയിലാണ് സംഭവം. മസ്ജിദ് പൊളിച്ചു നീക്കാനെത്തിയ ഉദ്യോഗസ്ഥരെ ആൾക്കൂട്ടം തടയുകയായിരുന്നു. ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരാണ് കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി മസ്ജിദ് പൊളിച്ചുനീക്കാൻ എത്തിയത്.
എന്നാൽ 6 മണിക്ക് പൊളിക്കൽ നടപടികൾ തുടങ്ങിയപ്പോൾ തന്നെ ഒരുകൂട്ടം ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഉദ്യോഗസ്ഥർക്കുനേരെ കല്ലേറ് ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്. കോർപ്പറേഷൻ ഉദ്യോഗസ്ഥർ പൊലീസ് സംരക്ഷണയിലാണ് എത്തിയത്.
ചില ആളുകൾ മാത്രമാണ് എതിർപ്പ് പ്രകടിപ്പിച്ചതെന്നും നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജിമ്മി ചിരാം പറഞ്ഞു. പളളിയുടെ ചില ഭാഗങ്ങൾ പൊളിക്കാൻ വലിയ യന്ത്രങ്ങൾ വേണ്ടി വന്നതിനാൽ തൽക്കാലം നിർത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മംഗൾപുരിയിലെ വൈ ബ്ലോക്കിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്.















