തിരുവനനന്തപുരം: ഛത്തീസ്ഗഡിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വിഷ്ണുവിന് യാത്രാമൊഴി നൽകി ജന്മനാട്. തിരുവനന്തപുരം പാലോട് നന്ദിയോടുള്ള വീട്ടിലാണ് അന്ത്യ കർമങ്ങൾ നടന്നത്. സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ധീരജവാന് നാടും നാട്ടുകാരും ചേർന്ന് യാത്രാമൊഴി നൽകി.
ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനായെത്തിയത്. വലിയ സൗഹൃദ വലയമുള്ള വിഷ്ണുവിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ സുഹൃത്തുക്കൾ സങ്കടം അടക്കാനാകാതെ പൊട്ടിക്കരഞ്ഞു.
ഇന്ന് രാവിലെയാണ് വിഷ്ണുവിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ടെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് പാലോടേക്ക് കൊണ്ടുപോയി. പഞ്ചായത്ത്, വിഷ്ണു പഠിച്ച എസ്കെവി സ്കൂൾ എന്നിവിടങ്ങളിൽ പൊതുദർശനമുണ്ടായിരുന്നു.
അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു വിഷ്ണു ഓർമയായത്. സ്വന്തമായി പണികഴിപ്പിച്ച വീട്ടിലേക്ക് കുടുംബത്തോടൊപ്പം താമസിക്കണമെന്ന ആഗ്രഹം ബാക്കിവച്ചാണ് വിഷ്ണുവിന്റെ മടക്കം.















