തിരുവനന്തപുരം: സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. കേരളം വിഭജിക്കണമെന്ന സമസ്തയുടെ ആവശ്യം വിഘടനവാദത്തിന്റെ ശബ്ദമാണെന്നും അത്യന്തം പ്രതിഷേധാർഹമാണെന്നും അദ്ദേഹം ആരോപിച്ചു. സമസ്തയും മുസ്ലീംലീഗും രണ്ട് ശരീരമാണെങ്കിലും ഒരേ മനസാണ്. മുസ്ലീം ലീഗിന്റെ ശബ്ദമാണ് സമസ്തയെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
സമസ്തയുടെ പ്രഗത്ഭനായ നേതാവ് കേരളം വിഭജിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ തീവ്രവാദ, ഭീകര സംഘടനകളുടെ ശബ്ദമാണ് സമസ്തയിലൂടെ പുറത്തുവന്നത്. ഇവർ ഒരു കൂട്ടായ്മ ആയാണ് പ്രവർത്തിക്കുന്നത്. ഈ കൂട്ടായ്മയ്‌ക്ക് ഒരു ഭാഗത്ത് മാർക്സിസ്റ്റ് പാർട്ടിയുടെ പിന്തുണയുമുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ കൂട്ടായ്മ കോൺഗ്രസിനൊപ്പമാണ് ഉണ്ടായിരുന്നത്. സമസ്തയുമായി പൊക്കിൾക്കൊടി ബന്ധമാണ് തങ്ങൾക്കുള്ളത് എന്നാണ് മുസ്ലീം ലീഗിന്റെ നേതാവ് അടുത്തിടെ അവകാശപ്പെട്ടത്.
മലബാർ കേന്ദ്രീകരിച്ച് പ്രത്യേക സംസ്ഥാനം വേണമെന്നാണ് സമസ്ത ഉന്നയിച്ചിട്ടുള്ളത്. ഇതിന്റെ പിന്നിൽ വികസനത്തിന്റെ അജണ്ടയല്ലെന്നും വിഘടനവാദത്തിന്റെയും തീവ്രവാദത്തിന്റെയും അജണ്ടയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും കേരളത്തിലെ തീവ്രവാദികൾക്ക് നൽകുന്ന പിന്തുണയും സഹകരണവുമാണ് തീവ്രവാദ സംഘടനകൾക്ക് കേരളം വിഭജിക്കണമെന്ന് മലബാർ കേന്ദ്രീകരിച്ച് ഒരു സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കാൻ സാധിച്ചത്. പിഎഫ്ഐ നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റ് പല സംഘടനകളിലൂടെയും കേരളത്തിൽ പ്രവർത്തിക്കാൻ സാധിക്കുന്നുണ്ട്. അവരുടെ പ്രവർത്തനങ്ങൾ കേരളത്തിൽ വ്യാപകമാണ്.
ഈ ദേശവിരുദ്ധതയ്‌ക്കെതിരെ ശബ്ദമുയർത്താൻ സംസ്ഥാന സർക്കാരിനോ പ്രതിപക്ഷത്തിനോ സാധിച്ചിട്ടില്ല. ഈ ഭീകരസംഘടനകൾക്ക് വെള്ളവും വളവും നൽകുന്ന ചുമതലയാണ് കോൺഗ്രസും എൽഡിഎഫും ചെയ്യുന്നത്. അതുകൊണ്ടാണ് പരസ്യമായിട്ട് കേരളം വിഭജിക്കണമെന്ന ആവശ്യം മാദ്ധ്യമങ്ങൾക്ക് മുൻപിൽ സമസ്ത ഉന്നയിച്ചത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നിലപാട് അറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















