അമരാവതി: മുൻ വൈ എസ് ആർ സർക്കാരിന്റെ ഭരണ വൈകല്യം മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ടങ്ങൾ വെളിപ്പെടുത്തുന്ന ധവളപത്രങ്ങൾ പുറത്തായിറക്കാൻ ഒരുങ്ങി ആന്ധ്രാ പ്രദേശിലെ എൻ ഡി എ സർക്കാർ.
തിങ്കളാഴ്ച അമരാവതിയിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയിൽ പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്.
ജൂൺ 28 മുതൽ ഏഴ് ധവളപത്രങ്ങൾ പ്രസിദ്ധീകരിക്കാൻ മന്ത്രിസഭ പ്രമേയം പാസാക്കിയതായി യോഗത്തിൽ പങ്കെടുത്ത ശേഷം വെളഗപ്പുടിയിലെ സെക്രട്ടേറിയറ്റിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഭവന, ഇൻഫർമേഷൻ, പബ്ലിക് റിലേഷൻസ് (ഐ ആൻഡ് പിആർ) മന്ത്രി കൊളുസു പാർത്ഥസാരഥി പറഞ്ഞു.
“പോളവാരം ജലസേചന പദ്ധതിയുടെ സ്ഥിതി, വൈഎസ്ആർസിപി സർക്കാരിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ നിഷ്‌ക്രിയത്വം മൂലം അമരാവതി തലസ്ഥാന നഗരി പദ്ധതിയുടെ നാശനഷ്ടങ്ങൾ, വൈദ്യുതി മേഖലയുടെ സ്ഥിതി, അനിയന്ത്രിതമായ മണൽ ഖനനം, മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണകാലത്ത് ഉണ്ടായ പരിസ്ഥിതി നശീകരണം, മദ്യവിൽപ്പന, ക്രമസമാധാനം, സംസ്ഥാന സർക്കാരിന്റെ സാമ്പത്തികം ,” തുടങ്ങിയ വിഷയങ്ങളിൽ ധവളപത്രം കൊണ്ടുവരും. ശ്രീ പാർത്ഥസാരഥി പറഞ്ഞു.
ആദ്യ മന്ത്രിസഭാ യോഗത്തിൽ ആന്ധ്രാപ്രദേശിലെ മയക്കുമരുന്ന് വിപത്തിനെ നേരിടാനുള്ള നിർദ്ദേശങ്ങൾ പരിശോധിക്കാനും നിർദേശങ്ങൾ കൊണ്ടുവരാനും അഞ്ചംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. കഞ്ചാവ് കൃഷിയും കടത്തും ഉൾപ്പെടെയുള്ള ലഹരി വിപത്തിനെ എങ്ങനെ തടയാമെന്നും യുവാക്കൾ ലഹരിക്ക് അടിമപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ സംബന്ധിച്ചും സമഗ്രമായ നിർദേശങ്ങളുടെ പട്ടിക ആഭ്യന്തരമന്ത്രി വംഗലപ്പുടി അനിത അധ്യക്ഷയായ ഉപസമിതി സംസ്ഥാന സർക്കാരിന് സമർപ്പിക്കും. .