ന്യൂഡൽഹി: പാർലമെന്റിൽ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാലസ്തീന് ജയ് വിളിച്ച് AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. 18-ാമത് ലോക്സഭയിൽ ഹൈദരാബാദ് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അവസാനിപ്പിക്കുന്നതോടെയാണ് ഒവൈസി വിദേശരാജ്യത്തിന് ജയ് വിളിച്ചത്. അഞ്ചാമതും എംപിയായ AIMIM നേതാവ് ഉറുദു ഭാഷയിലാണ് സത്യവാചകം ചൊല്ലിയത്. പ്രതിജ്ഞ അവസാനിപ്പിക്കുന്നതോടെ ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പാലസ്തീൻ, തക്ബീർ അള്ളാഹു-അക്ബർ എന്ന് പറയുകയായിരുന്നു. 2019ൽ ഒവൈസി സത്യപ്രതിജ്ഞ ചെയ്തത് ജയ് ഭീം, അള്ളാഹു അക്ബർ, ജയ് ഹിന്ദ് എന്ന് പറഞ്ഞായിരുന്നു.
പാർലമെന്റിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിൽ പാലസ്തീന് ജയ് വിളിച്ച ഒവൈസിക്കെതിരെ വിമർശനം ശക്തമാവുകയാണ്. കേന്ദ്രമന്ത്രി ശോഭാ കരന്തലജെ ഔദ്യോഗികമായി പരാതി നൽകി. ഒവൈസിക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്കും ആഭ്യന്തരമന്ത്രിക്കുമാണ് കരന്തലജെ പരാതി നൽകിയത്. പാർലമെന്ററി രേഖകളിൽ നിന്ന് ഒവൈസിയുടെ പ്രസ്താവന നീക്കം ചെയ്യണമെന്നാണ് ആവശ്യം. പാലസ്തീൻ മുദ്രാവാക്യമില്ലാതെ ഒരിക്കൽ കൂടി സത്യപതിജ്ഞ ചെയ്യണമെന്ന് ഒവൈസിക്ക് നിർദേശം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
AIMIM എംപിയുടെ ജയ് പാലസ്തീൻ മുദ്രാവാക്യത്തിനെതിരെ കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി അദ്ധ്യക്ഷനുമായ ജി. കിഷൻ റെഡ്ഡിയും രംഗത്തുവന്നു. തെറ്റായ പ്രസ്താവനയാണ് ഒവൈസി പാർലമെന്റിൽ ഉന്നയിച്ചതെന്നും ഇത് സഭാനിയമങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ജീവിക്കുമ്പോൾ ഭാരത് മാതാ കീ ജയ് പറയാൻ തയ്യാറാകാത്തയാളാണ് ഒവൈസി. ഇന്ത്യയിൽ ജീവിക്കുമ്പോൾ തന്നെ ഇന്ത്യാവിരുദ്ധ പ്രവൃത്തിയാണ് ഒവൈസി ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.















