ന്യഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്‌സഭയിൽ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുളള കോൺഗ്രസ് തീരുമാനത്തിനെതിരെ ഇൻഡി സഖ്യത്തിൽ കല്ലുകടി. തൃണമൂൽ കോൺഗ്രസ് ആണ് തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. കോൺഗ്രസിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി പ്രതികരിച്ചു.
ഞങ്ങളുമായി ഇക്കാര്യം ഇതുവരെ ആലോചിച്ചിട്ടില്ല. അങ്ങനെയൊരു ചർച്ചയും നടന്നിട്ടില്ല. നിർഭാഗ്യ വശാൽ ഇതൊരു ഏകപക്ഷീയ തീരുമാനമായിപ്പോയി എന്നായിരുന്നു അഭിഷേക് ബാനർജിയുടെ പ്രതികരണം. പാർലമെന്റിലേക്ക് അഭിഷേക് ബാനർജി എത്തുമ്പോഴാണ് മാദ്ധ്യമങ്ങൾ ഇക്കാര്യത്തിൽ പ്രതികരണം തേടിയത്. ഇൻഡി മുന്നണിയുടെ ഐക്യം പ്രകടമാക്കേണ്ട സമയത്ത് തന്നെ കല്ലുകടിയുണ്ടായതിന്റെ ഞെട്ടലിലാണ് കോൺഗ്രസ് നേതാക്കൾ.
നേരത്തെ കൊടിക്കുന്നിൽ സുരേഷിനെ പ്രോടേം സ്പീക്കർ ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വിവാദമുണ്ടാക്കിയിരുന്നു. കൊടിക്കുന്നിലിനോട് ജാതിവിവേചനമാണ് കാണിക്കുന്നതെന്നും മറ്റും ആരോപിച്ചെങ്കിലും വിവാദം വലിയ ചർച്ചയാകാതെ കെട്ടടങ്ങി. ഇതിന് പിന്നാലെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പുകളിൽ സമവായം തേടി പാർലമെന്റിലെ മുതിർന്ന അംഗവും കേന്ദ്രമന്ത്രിയുമായ രാജ്‌നാഥ് സിംഗ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ വിളിച്ചിരുന്നു.
കീഴ് വഴക്കം മാനിക്കണമെന്നും സ്പീക്കർ തെരഞ്ഞെടുപ്പിൽ ഭരണപക്ഷ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഡെപ്യൂട്ടി സ്പീക്കർ പോസ്റ്റ് തങ്ങൾക്ക് വേണമെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഇതോടെ സംഭാഷണം വഴിമുട്ടുകയും ചെയ്തു. തുടർന്നാണ് കൊടിക്കുന്നിൽ സുരേഷിനെ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.
നാമനിർദ്ദേശ പത്രിക സമർപ്പിച്ചതേയുളളൂവെന്നും എല്ലാവരുമായും ബന്ധപ്പെട്ടുവരികയാണെന്നും പിന്നീട് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ അതൃപ്തിയെക്കുറിച്ച് ചോദിച്ചപ്പോൾ അത് നേതാക്കളുമായി സംസാരിക്കണമെന്ന് ആയിരുന്നു മറുപടി.















