ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സ്വാതന്ത്ര്യദിനത്തിൽ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഡൽഹി-മുംബൈ, ഡൽഹി- കൊൽക്കത്ത റൂട്ടുകളിലാകും ട്രെയിൻ സർവീസ് നടത്തുകയെന്നാണ് വിവരം.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ അവസാന ഘട്ട നിർമാണ പ്രവർത്തനങ്ങൾ ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്. ആകെ 16 കോച്ചുകളാകും ഉണ്ടാവുക. ഇതിൽ 10 എണ്ണം എസി കോച്ചുകളും നാലെണ്ണം സെക്കൻഡ് എസിയും ഒരെണ്ണം ഫസ്റ്റ് എസിയുമാകുമെന്നാണ് പുറത്തുവരുന്ന വിവരം. പരീക്ഷണ ഘട്ടത്തിൽ 130 കിലോമീറ്റർ വേഗതയിലും പിന്നീട് 160 കിലോമീറ്റർ മുതൽ 220 കിലോമീറ്റർ വരെ വേഗത കൈവരിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന 250 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 2029-ഓടെ ട്രാക്കിലെത്തിക്കുമെന്ന് അടുത്തിടെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.















