ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം ജൂലൈയിൽ റഷ്യ സന്ദർശിച്ചേക്കും. അടുത്തിടെ ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി യുക്രെയ്ൻ പ്രസിഡന്റ് വ്‌ലൊഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയ്ൻ സംഘർഷത്തെക്കുറിച്ച് ഉൾപ്പെടെ ഇരുവരും ചർച്ച ചെയ്തു. ഇതിന് പിന്നാലെയാണ് നരേന്ദ്രമോദിയുടെ റഷ്യൻ സന്ദർശനത്തെക്കുറിച്ചുളള സൂചനകൾ പുറത്തുവരുന്നത്.
യുക്രെയ്ൻ അധിനിവേശത്തിനു ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ റഷ്യൻ സന്ദർശനമായിരിക്കും ഇത്. ഡിസംബറിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ 5 ദിവസത്തെ റഷ്യൻ സന്ദർശന വേളയിൽ പുടിനുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയെ റഷ്യയിൽ സന്ദർശനം നടത്താൻ പുടിൻ അന്ന് ക്ഷണിക്കുകയും ചെയ്തു.
ഇന്ത്യ- റഷ്യ ബന്ധം ഉൾപ്പെടെയുളള സമകാലീന വിഷയങ്ങൾ മോദിയുമായി നേരിട്ട് ചർച്ച ചെയ്യാൻ റഷ്യൻ സന്ദർശനം സഹായിക്കുമെന്ന് പുടിൻ അന്ന് വ്യക്തമാക്കിയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാരം വളർന്നുകൊണ്ടിരിക്കുകയാണെന്നും അത് കൂടുതൽ വിപുലപ്പെടുത്തണമെന്നുമാണ് പുടിന്റെ നിലപാട്. യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ ക്രൂഡ് ഓയിലിന് വിലക്കേർപ്പെടുത്തിയപ്പോൾ ഇന്ത്യയാണ് സഹായത്തിനെത്തിയത്. ഒപെക് രാജ്യങ്ങളിൽ നിന്നുളള എണ്ണ വാങ്ങൽ കുറച്ച് റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുകയായിരുന്നു.
അതുകൊണ്ടു തന്നെ ഇന്ത്യയെ വിശ്വസ്ത പങ്കാളിയായിട്ടാണ് റഷ്യ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പുടിൻ ഉത്തരകൊറിയയിലെത്തി കിം ജോങ് ഉന്നുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ റഷ്യയെ ആയുധങ്ങൾ ഉൾപ്പെടെ നൽകി സഹായിക്കുന്നത് ഉത്തരകൊറിയ ആണ്. യുഎൻ വിലക്ക്് നിലനിൽക്കെയാണ് പുടിൻ ഉത്തര കൊറിയ സന്ദർശിച്ചത്. ഇക്കാര്യങ്ങളും യുക്രെയ്ൻ വിഷയത്തിന് ചർച്ചയിലൂടെ പരിഹാരം കാണുന്നതും ഉൾപ്പെടെ പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിൽ വിഷയങ്ങളാകുമെന്നാണ് കരുതുന്നത്.