തിരുവനന്തപുരം: ശക്തമായ കാറ്റിനെയും മഴയെയും തുടർന്ന് മരം വീണ് ഒരാൾക്ക് പരിക്കേറ്റു. കൊല്ലം എസ്എൻ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ലോട്ടറി വിൽപ്പനക്കാരനായ രാജുവിനാണ് പരിക്കേറ്റത്. ഗുരുതര പരിക്കുകളോടെ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി, കൊല്ലം, എറണാകുളം ജില്ലകളിൽ അതി ശക്തമായ മഴയാണ് ലഭിക്കുന്നത്. പത്തനംതിട്ടയിൽ റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ജില്ലയിൽ വിവിധയിടങ്ങളിൽ ഗതാഗതം തടസം നേരിട്ടു.
എറണാകുളത്തും മഴയെ തുടർന്ന് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കൊച്ചി വടുതല റെയിൽവേ ഗേറ്റിന് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇടുക്കി മൂന്നാറിൽ കനത്ത മഴയിൽ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് യുവതി മരിച്ചിരുന്നു. മണ്ണിനടിയിൽ കുടുങ്ങിയ യുവതിയെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് സംഘം പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.