തിരുവനന്തപുരം: കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി യാത്ര ചെയ്യുന്ന സോളോ സൈക്ലിസ്റ്റ് ആശ മാളവ്യയെ ആദരിച്ച് പാങ്ങോട് സൈനിക കേന്ദ്രം. കന്യാകുമാരിയിൽ നിന്ന് സിയാച്ചിനിലേക്കാണ് ആശയുടെ യാത്ര. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ സലിൽ എംപി, വിരമിച്ച മുതിർന്ന സൈനികരായ ലെഫ്റ്റനന്റ് ജനറൽ തോമസ് മാത്യു, മറ്റ് ഓഫീസർമാർ എന്നിവർ ചേർന്നാണ് ആദരമൊരുക്കിയത്.
ശാക്തീകരിക്കപ്പെട്ട സൈന്യം, സമൃദ്ധമായ ഇന്ത്യ എന്ന ആശയത്തിന് കീഴിൽ രാജ്യത്തിന്റെ മൂല്യങ്ങൾ ശക്തിപ്പെടുത്താനായി, കാർഗിൽ വിജയത്തിന്റെ രജതജൂബിലിയുടെ സ്മരണയ്‌ക്കായി നടത്തുന്ന ഏകാംഗ യാത്രയാണ് കാർഗിൽ സങ്കൽപ് സൈക്ലിംഗ് പര്യവേഷണം. ദേശ സ്‌നേഹം വളർത്തുക, സൈനികരുടെ മനോവീര്യം ഉയർത്തുക, സൈന്യത്തിന്റെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടുക എന്നിവയാണ് യാത്രയിലൂടെ ആശ ലക്ഷ്യമിടുന്നത്.
പർവതാരോഹകയായ ആശ അത്‌ലറ്റിക്‌സിലും മികവ് തെളിയിച്ചിട്ടുണ്ട്. ബിസി റായ് (20,500 അടി), ടെൻസിംഗ് ഖാൻ (19,545 അടി) തുടങ്ങിയ ശ്രദ്ധേയമായ കൊടുമുടികളാണ് അവർ കീഴടക്കിയിട്ടുള്ളത്. സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി മുമ്പ് 28 സംസ്ഥാനങ്ങളിലായി 26000 കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്തിട്ടുണ്ട്. മദ്ധ്യപ്രദേശിലെ രാജ്ഘർ സ്വദേശിയാണ് ആശ മാളവ്യ.