ന്യൂഡൽഹി: റായ്ബറേലി എംപി രാഹുൽ ഗാന്ധി ലോക്‌സഭയിൽ പ്രതിപക്ഷ നേതാവാകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഇൻഡി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. രാഹുലിനെ പ്രതിപക്ഷ നേതാവായി നിയമിച്ചുകൊണ്ടുളള കത്ത് പ്രോടേം സ്പീക്കർ ഭർതൃഹരി മഹ്താബിന് കൈമാറിയതായി യോഗത്തിന് ശേഷം കെസി വേണുഗോപാൽ എംപി അറിയിച്ചു.
എല്ലാ കക്ഷികളും ചേർന്നെടുത്ത തീരുമാനമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. സ്വാഭാവികമായി പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ് ആണ് പ്രതിപക്ഷ നേതാവാകുന്നത്. അതുകൊണ്ടുതന്നെ കോൺഗ്രസ് പാർട്ടിയാണ് പ്രതിപക്ഷ നേതൃസ്ഥാനത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ സ്പീക്കർ തെരഞ്ഞെടുപ്പ് ആയിരുന്നു ചർച്ചയെന്നും കെസി വേണുഗോപാൽ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ വയനാട്ടിൽ നിന്നും മത്സരിച്ച് വിജയിച്ചെങ്കിലും റായ്ബറേലി സീറ്റ് നിലനിർത്താനായിരുന്നു തീരുമാനം. തുടർന്ന് വയനാട് എംപി സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു.