അഞ്ചിലൊരാളെങ്കിലും ശരീരഭാരം കുറയ്‌ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ്. ഇരുന്നുള്ള ജോലി ചെയ്യുന്നവരിലാണ് പൊണ്ണത്തടി അധികവും കണ്ടുവരുന്നത്. എന്നാൽ എത്ര ശ്രമിച്ചിട്ടും വണ്ണം കുറയ്‌ക്കാൻ സാധിക്കാത്തവരാണ് പലരും. മോശം ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാകാം ഇതിന് കാരണം. രാത്രി ഉറങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നതാണ്. അവ ഇതാ..
1. അത്താഴം നേരത്തെ
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രി നേരത്തെ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. നിങ്ങളുടെ അത്താഴത്തിനും ഉറക്കത്തിനും ഇടയിൽ ഏകദേശം മൂന്ന് മണിക്കൂർ ഇടവേള ഉണ്ടായിരിക്കണം. രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം ദഹിക്കാതെ പൊണ്ണത്തടി കൂട്ടുന്നു.
2. അത്താഴത്തിൽ ഇവ
അത്താഴത്തിൽ പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. കുറച്ച് കഴിക്കാനും ശ്രദ്ധിക്കണം. പച്ചക്കറികൾ, സൂപ്പ്, പരിപ്പ്, റൊട്ടി എന്നിവ ഉൾപ്പെടുത്തുന്നത് പെട്ടെന്ന് വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുന്നു.
3. ഉറങ്ങുന്നതിന് മുൻപ് ചൂടുവെള്ളം
ചൂടുവെള്ളം കുടിക്കുന്നതും ശരീരഭാരം കുറയ്‌ക്കും. ചൂടുവെള്ളം ഭക്ഷണം ദഹിപ്പിക്കാനും രാവിലെ വയർ വൃത്തിയാക്കാനും സഹായിക്കും.
4. പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുക
രാത്രിയിൽ വിശപ്പ് തോന്നിയാൽ ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് പാട നീക്കിയ പാൽ കുടിക്കാം. ഇതിൽ ഒരൽപ്പം മഞ്ഞൾ ചേർക്കുന്നത് ശരീരഭാരം കുറയ്‌ക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു. ശരീരഭാരം കുറയ്‌ക്കാനും നല്ല ഉറക്കം ലഭിക്കാനും ഇത് സഹായിക്കുന്നു.
5. മികച്ച ഉറക്കം
വണ്ണം കുറയ്‌ക്കുന്നതിൽ ഉറക്കം നിർണായക പങ്ക് വഹിക്കുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഫോണും മറ്റ് ഉപകരണങ്ങളും ഉപയോഗം നിർത്തുക. ഉറങ്ങാൻ പോകും മുൻപ് വായിക്കുന്നത് നല്ലതാണ്. ഇത് നല്ല ഉറക്കം നൽകാനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കും.















