നെയ്റോബി: കെനിയയിൽ നികുതി വർദ്ധനവിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തം. പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിർത്തു. വെടിവയ്പ്പിൽ 5 പേർ കൊല്ലപ്പെട്ടതായി കെനിയൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി. പത്ത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല.
പ്രതിഷേധക്കാർ പൊലീസിനെ അക്രമിച്ച് അകത്ത് കയറാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. പാർലമെന്റിന്റെ ചില ഭാഗങ്ങളിൽ പ്രതിഷേധക്കാർ തീയിട്ടു. കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ കൂട്ടാക്കിയിരുന്നില്ല. ഇതോടെയാണ് പൊലീസിന്റെ വെടിവയ്പ്പ് ആരംഭിച്ചത്.
കെനിയയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നതിനിടെയാണ് നികുതി വർദ്ധിപ്പിച്ചുകൊണ്ടുള്ള സർക്കാരിന്റെ നീക്കം. കടബാധ്യത നികത്തുന്നതിനായി 2.7 ബില്യൺ ഡോളർ അധിക നികുതി സമാഹരിക്കാനാണ് തീരുമാനം. ഇതിന് പിന്നാലെ രാജ്യത്ത് ശക്തമായ വിമർശനങ്ങളും പ്രതിഷേധവും ഉയർന്നിരുന്നു.
നികുതി വർദ്ധിപ്പിക്കുന്നതിനുള്ള ബില്ലിൽ നിയമവിദഗ്ധർ ഒപ്പിട്ടതോടെ പ്രതിഷേധത്തിന് തുടക്കമാവുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.















