ന്യൂഡൽഹി : 650 കോടി ചിലവിൽ ക്ഷേത്രനഗരമായ അയോദ്ധ്യയിൽ ക്ഷേത്രങ്ങളുടെ മ്യൂസിയമൊരുക്കാൻ ടാറ്റ ഗ്രൂപ്പ് . പദ്ധതിയ്‌ക്ക് കഴിഞ്ഞ ദിവസം ചേർന്ന ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി . പദ്ധതിറ്റ്ക്ക് കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് വഴിയാണ് ധനസഹായം നൽകുക. ഒരു രൂപ ടോക്കൺ തുകയ്‌ക്ക് 90 വർഷത്തെ പാട്ടത്തിന് മ്യൂസിയത്തിന് സ്ഥലം നൽകും. അത്യാധുനിക മ്യൂസിയം അന്താരാഷ്‌ട്ര നിലവാരം പുലർത്തുകയും ഇന്ത്യയിലെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ ചരിത്രവും വാസ്തുവിദ്യയും പ്രദർശിപ്പിക്കുകയും ചെയ്യും.
അയോദ്ധ്യയിൽ ‘ക്ഷേത്രങ്ങളുടെ മ്യൂസിയം’ എന്ന ആശയം കഴിഞ്ഞ വർഷം മുതൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്, മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുതിർന്ന ഉദ്യോഗസ്ഥരും സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ ഈ ആശയം അവതരിപ്പിച്ചിരുന്നു . ക്ഷേത്ര മ്യൂസിയം എന്ന ആശയം പ്രധാനമന്ത്രിക്ക് വളരെയധികം ഇഷ്ടപ്പെട്ടു, അത് വിശദമായി ചർച്ച ചെയ്തുവെന്നും ഉദ്യോഗസ്ഥർ പറയുന്നു
പ്രശസ്ത ക്ഷേത്രങ്ങളുടെ ചരിത്രവും വാസ്തുവിദ്യയും പ്രദർശിപ്പിക്കാനാണ് മ്യൂസിയം ലക്ഷ്യമിടുന്നത്. മ്യൂസിയത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്‌ക്കുള്ള സജ്ജീകരണവും ഉണ്ടാകും.
മ്യൂസിയത്തിന് പുറമെ, അയോദ്ധ്യയിൽ 100 കോടി രൂപ അധിക ചെലവിൽ വികസന പ്രവർത്തനങ്ങൾക്കായി ടാറ്റ സൺസിന്റെ മറ്റൊരു നിർദ്ദേശത്തിനും സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ലക്നൗ, പ്രയാഗ്‌രാജ്, കപിൽവാസ്തു എന്നിവിടങ്ങളിൽ ഹെലികോപ്റ്റർ സേവനങ്ങൾ ആരംഭിക്കുന്നതിനാണ് മന്ത്രിസഭ അനുമതി നൽകിയത്.
കൂടാതെ, പ്രവർത്തനരഹിതമായ പൈതൃക കെട്ടിടങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള നിർദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി. അതിനായി ലക്നൗവിലെ കോത്തി റോഷൻ ദുൽഹ, മഥുരയിലെ ബർസാന ജൽ മഹൽ, കാൺപൂരിലെ ശുക്ല തലാബ് എന്നിവ തിരഞ്ഞെടുത്തു. ഇതിന് സഹായിക്കാൻ മുഖ്യമന്ത്രി ടൂറിസം ഫെലോഷിപ്പ് പ്രോഗ്രാമിന് കീഴിൽ ഗവേഷകരെ തിരഞ്ഞെടുക്കും. ടാറ്റ കമ്പനികളുടെ പ്രധാന നിക്ഷേപ ഹോൾഡിംഗ് കമ്പനിയും പ്രൊമോട്ടറുമാണ് ടാറ്റ സൺസ്.