മലപ്പുറം: കോട്ടക്കലിൽ യുവതിയുടെ വീടിന് നേരെ വെടിവയ്പ്പ്. സംഭവത്തിൽ വലിയാട് സ്വദേശി അബുതാഹിർ പിടിയിലായി. വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് യുവതിയുടെ വീടിന് നേരെ ഇയാൾ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
കോട്ടക്കൽ സ്വദേശിനിയുമായുള്ള അബുതാഹിറിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ വിവാഹം ഉറപ്പിച്ചതിനു ശേഷം ഇയാളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസം പ്രകടമായി. ഇത് വിവാഹത്തിൽ നിന്നും പിന്മാറാൻ പെൺകുട്ടിയുടെ വീട്ടുകാരെ പ്രേരിപ്പിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് യുവതിയുടെ വീടിന് നേരെ വെടിയുതിർക്കുകയായിരുന്നു.
എയർ ഗൺ കൊണ്ടുള്ള ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.















