ലാസ് വെഗാസ്: അമേരിക്കയിലെ ലാസ് വെഗാസിലുണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കാസ നോർട്ടെ ഡ്രൈവിലെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. എറിക് ആഡംസ് എന്ന 47കാരനാണ് വെടിവയ്പ്പ് നടത്തിയത്. അക്രമിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ ഇയാളെ പിടികൂടാനുള്ള ശ്രമം പൊലീസ് നടത്തിയെങ്കിലും ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു.
വെടിവയ്പ്പ് നടക്കുന്നതായി വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സംഭവ സ്ഥലത്ത് എത്തിയിരുന്നു. പരിക്കേറ്റ നിലയിൽ രണ്ട് സ്ത്രീകളെയാണ് ആദ്യം കണ്ടത്. ഇവരെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊട്ടടുത്തുള്ള അപ്പാർട്ട്‌മെന്റിൽ നിന്നാണ് 20നോടടുത്ത് പ്രായമുള്ള രണ്ട് യുവതികളേയും ഒരു യുവാവിനേയും വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഇവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് പറയുന്നു. ആക്രമണത്തിൽ 13 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.
പരിക്കേറ്റവരെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് എറിക് ആഡംസ് ആണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചത്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇതോടെ ഊർജ്ജിതമാക്കുകയായിരുന്നു. തുടർന്ന് ഈസ്റ്റ് ലേക്ക് മീഡ് ബൊളിവാർഡിൽ എറിക് എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇവിടേക്ക് എത്തുകയായിരുന്നു. കീഴടങ്ങാൻ ഇയാളോട് ആവശ്യപ്പെട്ടുവെങ്കിലും, സ്വയം നിറയൊഴിച്ച് ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പുറത്ത് വിട്ട കുറിപ്പിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.