പാലക്കാട്: ജില്ലയിൽ മഴ കനക്കുന്നു. കനത്ത മഴയിൽ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ചുരത്തിൽ ആറാം വളവിലാണ് മരം വീണത്.
ഗതാഗതം തടസ്സപ്പെട്ടതോടെ ഇരു ഭാഗത്തും മണിക്കൂറുകളായി നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യാത്രക്കാരുമായുള്ള വാഹനങ്ങളാണ് ചുരത്തിൽ കുടുങ്ങിയിട്ടുള്ളത്. മഴക്കാലത്ത് ചുരത്തിലുണ്ടാകുന്ന അടിയന്തര ഘട്ടങ്ങളെ നേരിടാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മലമ്പുഴ ആനക്കൽ – കവ റോഡിലും മരം വീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. റോഡിൽ ആൾ ഒഴിഞ്ഞ സമയമായതിനാൽ വലിയ അപകടം ഒഴിവായി. കഞ്ചിക്കോട് ഫയർ സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തിയാണ് മരം മുറിച്ചുമാറ്റിയത്.