കണ്ണൂർ: യുവജന കമ്മീഷൻ ചെയർമാൻ എം ഷാജറിനെതിരെ മുൻ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി പുറത്ത്. സ്വർണക്കടത്ത് സംഘവുമായി ചേർന്ന് ഷാജർ തനിക്കെതിരെ ഗൂഢാലോചന നടത്തിയതായാണ് പരാതിയിൽ പറയുന്നത്. ആകാശ് തില്ലങ്കേരിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് ഇതു സംബന്ധിച്ച വോയിസ് ക്ലിപ്പ് വന്നതെന്നും പരാതിയിൽ പറയുന്നു.
2023 ഏപ്രിലിലാണ് മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത്. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ കാര്യമായ അന്വേഷണം ഒന്നും പിന്നീടുണ്ടായില്ലെന്ന് മനുതോമസ് പറഞ്ഞിരുന്നു. ഷാജറിന് ശ്രദ്ധക്കുറവുണ്ടായതാണെന്നാണ് സിപിഎം പറഞ്ഞതെന്നും മനു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ക്രിമിനൽ സംഘത്തോടുള്ള സിപിഎമ്മിന്റെ അവിശുദ്ധ ബന്ധത്തിനെതിരെ മനു പ്രതികരിച്ചെങ്കിലും തെറ്റ് തിരുത്താൻ പാർട്ടി തയ്യാറായിരുന്നില്ല. ഇതിന്റെ പേരിൽ മനു തോമസ് അംഗത്വം പുതുക്കാതെ വരികയും, പാർട്ടി കഴിഞ്ഞ ദിവസം മനുവിനെ പുറത്താക്കുകയും ചെയ്തിരുന്നു.