തിരുവനന്തപുരം: പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിൽ പൂട്ടുകൾ തകർത്ത് പഞ്ചലോഹത്തിലുള്ള ദുർഗ ദേവിയുടെ വിഗ്രഹവും ശീവേലിച്ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന അനുബന്ധ ചെറു വിഗ്രഹങ്ങളുമാണ് മോഷണം പോയത്.
കഴിഞ്ഞ രാത്രിയായിരുന്നു കവർച്ച. 60 വർഷത്തോളം പഴക്കവും 32 കിലോഗ്രാം ഭാരവും ഒന്നരയടിയോളം പൊക്കവുമുള്ള പഞ്ചലോഹ വിഗ്രഹമാണ് കവർന്നത്. വിഗ്രഹത്തിന് പിന്നിൽ സ്ഥാപിച്ചിരുന്ന കമാനരൂപത്തിലുള്ള പ്രഭ ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി.
പുലർച്ചെ നടതുറക്കാൻ എത്തിയപ്പോൾ മേൽശാന്തിയാണ് ശ്രീകോവിലിലെ പൂട്ട് പൊളിച്ച് വാതിൽ ചാരിവച്ച നിലയിൽ കണ്ടത്. പിന്നാലെ ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിച്ചു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ആസൂത്രിതമായിട്ടാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തിൽ ഒരു വർഷത്തിനിടെ മൂന്നാമത്തെ മോഷണമാണ് ഇത്. എട്ട് മാസം മുൻപാണ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നത്. കഴിഞ്ഞ മാസം ഉപദേവകളുടെ ഭാഗത്ത് പൂജയ്‌ക്കായി ഉപയോഗിച്ചിരുന്ന മൂന്ന് വിളക്കുകളും മോഷണം പോയിരുന്നു. പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ക്ഷേത്രമാണിത്. ഓരോ തവണ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ക്ഷേത്രത്തിന് മതിയായ സുരക്ഷയൊരുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.















