ചെന്നൈ: കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 61 ആയി. സേലം മോഹൻ കുമാരമംഗലം സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാളും പുതുച്ചേരി ജിപ്മെറിൽ ചികിത്സയിലായിരുന്ന വ്യക്തിയും മരണത്തിന് കീഴടങ്ങുകയായിരുന്നു.
കള്ളക്കുറിച്ചി മെഡിക്കൽ കോളേജിൽ മാത്രം ഇതുവരെ 32 പേരാണ് മരിച്ചത്. 21 പേർ സേലം മോഹൻ കുമാരമംഗലം ഗവണ്മെന്റ് ആശുപത്രിയിലും, 4 പേർ വില്ലുപുരം ഗവെർന്മെന്റ് മെഡിക്കൽ കോളേജിലും, 4 പേർ പുതുച്ചേരി ജിപ്മെറിലും ചികിത്സയിലിരിക്കെ മരിച്ചു.5 സ്ത്രീകളുൾപ്പെടെ 136 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2 സ്ത്രീകളുൾപ്പെടെ 28 പേരെ ഡിസ്ചാർജ് ചെയ്തു.
ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ കിഷോർ മഖ്‌വാന ഇന്ന് കരുണാപുരം സന്ദർശിച്ച് കള്ളക്കുറിച്ചി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കാണും . അതുകൂടാതെ കളക്ടറേറ്റിലെത്തി ഉദ്യോഗസ്‌ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.















