”അപ്രതീക്ഷിത നേരത്തായിരുന്നു എനിക്ക് ആ ഫോൺകോൾ വന്നത്. മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾ കലാമിന് താങ്കളോട് സംസാരിക്കണമെന്നായിരുന്നു ഫോൺ ചെയ്ത വ്യക്തി പറഞ്ഞത്. ആദ്യം തെറ്റായ നമ്പറിൽ നിന്ന് കോൾ വന്നതാണെന്ന് വിചാരിച്ച് ഒഴിവാക്കാൻ ശ്രമിച്ചു.
എന്നാൽ പിന്നീട് ഭർത്താവ് നാരായണൻ മൂർത്തിക്ക് വന്ന കോളായിരിക്കാമെന്ന് കരുതി അദ്ദേഹത്തെ വിളിച്ചോളൂവെന്ന് പറഞ്ഞു. അപ്പോഴാണ് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയത്. അബ്ദുൾ കലാമിന് സംസാരിക്കേണ്ടത് നിങ്ങളോടാണെന്ന് ഫോൺ ചെയ്തയാൾ പറഞ്ഞു” ഒരു പരിപരാടിക്കിടെ പഴയൊരു ഫോൺകോളിന്റെ കഥ ഓർത്തെടുക്കുകയായിരുന്നു എഴുത്തുകാരിയും രാജ്യസഭാ എംപിയുമായ സുധാ മൂർത്തി.
തനിക്ക് വന്ന പ്രധാനപ്പെട്ട ഒരു ഫോൾകോളിന്റെ അനുഭവം പങ്കുവയ്‌ക്കുന്നതിനിടെ അവർ ഒന്നു നിർത്തി. എല്ലാവരിലും ആകാംക്ഷ! എന്തിനായിരിക്കും എപിജെ അബ്ദുൾ കലാം സുധാ മൂർത്തിയെ വിളിച്ചിട്ടുണ്ടാവുക.. എന്ന പ്രേക്ഷകരുടെ ചോദ്യം തന്നെയായിരുന്നു തന്റെ മനസിലേക്കും ആദ്യം കടന്നു വന്നതെന്ന് പറഞ്ഞ് അവർ വീണ്ടും തുടർന്നു.
” എപിജെ അബ്ദുൾ കലാം വിളിക്കാൻ മാത്രം ഞാൻ എന്താണ് ചെയ്തത്? നിരവധി ചോദ്യങ്ങളായിരുന്നു ആ സമയത്ത് മനസിലൂടെ കടന്നു പോയത്. അപ്പോഴാണ് ഫോണിന്റെ മറുഭാഗത്ത് നിന്ന് അദ്ദേഹത്തിന്റെ ശബ്ദം ഞാൻ കേട്ടത്. ഞാൻ എഴുതുന്ന കോളങ്ങൾ എല്ലാം നന്നായിരിക്കുന്നുവെന്നും ഐടി ഡിവൈഡിനെ കുറിച്ചെഴുതിയ കോളം വളരെയധികം സ്പർശിച്ചുവെന്നും അദ്ദേഹം എന്നോട് പറഞ്ഞു. എനിക്ക് അഭിനന്ദനങ്ങൾ നേർന്നു. എന്റെ ജീവിതത്തിൽ ലഭിച്ച വല്ലാത്തൊരു അനുഭവമായിരുന്നു അത്”- സുധാ മൂർത്തി പറഞ്ഞു.
Once I received a call from Mr. Abdul Kalam, who told me that he reads my columns and enjoys them. pic.twitter.com/SWEQ6zfeu4
— Smt. Sudha Murty (@SmtSudhaMurty) June 25, 2024
വളരെ ആഴത്തിൽ സ്പർശിച്ച ആ ഒരു ഫോൺകോളിന്റെ കഥ എപിജെ അബ്ദുൾ കലാമിനൊപ്പമുള്ള ചിത്രങ്ങൾ വച്ച് ഇപ്പോൾ എക്‌സിലും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്നോട് എഴുത്ത് നിർത്തരുതെന്നും ചിന്തകൾ ഉണർത്തുന്ന ആശയങ്ങൾക്ക് മഷി പകരണമെന്നും പറഞ്ഞ എപിജെയുടെ വാക്കുകൾ ഇപ്പോഴും ഓർക്കുകയാണ് സുധാ മൂർത്തി..