കണ്ണൂർ: സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇന്നലെ പെയ്ത മഴയിൽ കിണറുകൾ ഇടിഞ്ഞ് അപകടം. രാത്രി പെയ്ത ശക്തമായ മഴയിൽ നിരവധി വീടുകളിലെ കിണറുകളാണ് ഇടിഞ്ഞു താഴ്ന്നത്. തലശ്ശേരി തലായിൽ ദത്താത്രയ മഠത്തിന് സമീപം കിണർ ഇടിഞ്ഞു. മാധവി നിലയത്തിൽ ഭാസ്കരന്റെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.
കോഴിക്കോട് ജില്ലയിലെ ഓമശേരിയിലും കിണർ ഇടിഞ്ഞുതാഴ്ന്നിരുന്നു. വടിക്കിനിക്കണ്ടി ഖദീജയുടെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നുപോയത്. വെറും ഒന്നരമീറ്റർ അകലം മാത്രമാണ് ഇവരുടെ വീടും കിണറും തമ്മിലുള്ളത്. അതിനാൽ കുടുംബം ആശങ്കയിലാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയ്‌ക്ക് പിന്നാലെയായിരുന്നു സംഭവം.
പേരാമ്പ്രയിൽ വെള്ളിയോടൻകണ്ടി ബിന്ദു സനലിന്റെ വീട്ടുമുറ്റത്തെ കിണറും മഴയിൽ തകർന്നിരുന്നു. മഴയുടെ ശക്തി കൂടിയതോടെ കിണറിന്റെ ആൾമറ ഇടിയുകയായിരുന്നു. സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിച്ചതോടെ മരം വീണും കെട്ടിടങ്ങൾ തകർന്നും പോസ്റ്റുകൾ നിലംപൊത്തിയും നിരവധി നാശനഷ്ടങ്ങളാണുണ്ടാകുന്നത്.