തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മഴ കനക്കുന്ന സാഹചര്യത്തിൽ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
5 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാലാണ് മഴ കനക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
കനത്ത മഴയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്നലെ ഒറ്റരാത്രികൊണ്ട് കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ കിണറുകൾ ഇടിയുകയും വീടുകൾ തകരുകയും ചെയ്തു. നിരവധി മരങ്ങൾ കടപുഴകി വീണ് ഗതാഗതവും തടസപ്പെട്ടു കിടക്കുകയാണ്.
കാറ്റും മഴയും കണക്കിലെടുത്ത് ഇന്ന് കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.















