കണ്ണൂർ: ഡിവൈഎഫ്‌ഐ കണ്ണൂർ മുൻ ജില്ലാ അധ്യക്ഷൻ മനു തോമസിന്റെ സിപിഎമ്മിൽ നിന്നുളള പുറത്താകൽ ഒരു വിപ്ലവകാരിയുടെ പതനമായി വലതുപക്ഷ മാദ്ധ്യമങ്ങൾ ആഘോഷിക്കുകയാണെന്ന് പി ജയരാജൻ. ഒരു ‘വിപ്ലവകാരി’യുടെ പതനം വലതുപക്ഷ മാദ്ധ്യമങ്ങൾ എത്ര ആഘോഷമായാണ് കൊണ്ടാടുന്നത് എന്ന് ചോദിച്ചുകൊണ്ട്് നടത്തിയ ഫെയ്‌സ്ബുക്ക് പ്രതികരണത്തിലാണ് ജയരാജന്റെ അഭിപ്രായം.
മനുവിന്റെ രാഷ്‌ട്രീയ ജീവിതത്തിൽ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. ജയിൽ ജീവിതം ഉണ്ടായിട്ടുണ്ട്. അക്കാലത്തൊന്നും നൽകാത്ത ‘അനീതിക്കെതിരായ പോരാളി’ പരിവേഷം ഇപ്പോൾ മാത്രം നൽകുന്നതിന്റെ പിന്നിലെന്താണെന്ന് ജയരാജൻ ചോദിക്കുന്നു. മനുവിനെ ഉപയോഗിച്ച് പാർട്ടിക്കെതിരെ എന്തെല്ലാം പറയിപ്പിക്കാൻ പറ്റുമെന്നാണ് മാദ്ധ്യമശ്രമം. ഈ ശ്രമത്തിന്റെ ഭാഗമായിട്ടാണ് മനോരമയിൽ തനിക്കെതിരെ വന്ന പരാമർശമെന്നും പി ജയരാജൻ പറഞ്ഞു. ജൂൺ 25 ന് മനോരമ പത്രത്തിൽ വന്ന പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി ജയരാജൻ വ്യക്തമാക്കി.
പാർട്ടി ജില്ലാ കമ്മിറ്റിയിൽ മുഴുവൻ സമയ പ്രവർത്തകൻ എന്ന നിലയിൽ ഉൾപ്പെടുത്തപ്പെട്ടപ്പോൾ തളിപ്പറമ്പിലും, തലശ്ശേരിയിലും നടത്തുന്ന വ്യാപാര സംരംഭങ്ങളിൽ നിന്ന് ഒഴിവാകണമെന്ന്അദ്ദേഹത്തോട് പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മനു അതിന് തയ്യാറായില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ജയരാജൻ പറയുന്നു. മുഴുവൻ സമയ പാർട്ടി പ്രവർത്തകർ മറ്റ് ജോലികൾ ചെയ്യുന്നത് ഒഴിവാക്കണമെന്ന് എല്ലാവരോടും നിഷ്‌കർഷിക്കാറുണ്ട്. ഇക്കാര്യത്തിൽ തിരുത്തൽ വരുത്തേണ്ടത് അദ്ദേഹം തന്നെയായിരുന്നുവെന്നാണ് ജയരാജന്റെ വാക്കുകൾ.
കഴിഞ്ഞ 15 മാസമായി യാതൊരു രാഷ്‌ട്രീയ പ്രവർത്തനവും നടത്താതെ വീട്ടിലിരുന്ന ആളാണ് മനു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലും പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാത്തയാൾ. പാർട്ടിക്ക് ലഭിക്കുന്ന അനുഭാവികളുടെ പരാതികൾ പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂർ ജില്ലയിലെ പാർട്ടിക്കുള്ളത്. അതുകൊണ്ടു തന്നെ ഒരു ജില്ലാ കമ്മറ്റി അംഗത്തിന്റെ പരാതി എത്ര മാത്രം ഗൗരവമായാണ് പരിഗണിച്ചിട്ടുണ്ടാവുക എന്നത് അനുമാനിക്കാവുന്ന കാര്യമാണെന്നും പി ജയരാജൻ പറയുന്നു.
സ്വർണ്ണക്കടത്ത് കൊട്ടേഷൻ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ഉന്നയിക്കുമ്പോൾ ആരെയാണദ്ദേഹം കബളിപ്പിക്കാൻ ശ്രമിക്കുന്നത്. അദ്ദേഹം പാർട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂർവ്വം തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചാൽ അതിന് അരുനിൽക്കാൻ പാർട്ടിയെ കിട്ടില്ല.