മുംബൈ: കോളേജുകളിൽ ഹിജാബ് വിലക്കിയ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജി തള്ളി ബോംബെ ഹൈക്കോടതി. നിരോധനം ചോദ്യം ചെയ്ത് എൻ.ജി ആചാര്യ, ഡി.കെ.മറാട്ടെ കോളേജുകളിലെ 9 വിദ്യാർത്ഥിനികൾ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് എ എസ് ചന്ദൂർക്കർ, രാജേഷ് പട്ടീൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹിജാബ് നിരോധനം ശരിവച്ചത്. മതപരമായ കാര്യങ്ങൾ കോളേജിന്റെ തീരുമാനമാണെന്നും ഇപെടാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
എൻ.ജി ആചാര്യ, ഡി.കെ.മറാട്ടെ എന്നീ കോളേജുകളിൽ ഹിജാബ്, നിഖാബ്, ബുർഖ, ഷോൾ, തൊപ്പി തുടങ്ങിയ മതപരമായ വസ്ത്രങ്ങൾ നിരോധിച്ചിരുന്നു. വിദ്യാർത്ഥികൾക്കിടയിൽ യൂണിഫോം ഡ്രസ് കോഡ് നടപ്പിലാക്കാനാണ് ശ്രമിച്ചതെന്നും മുസ്ലീം സമുദായത്തെ ലക്ഷ്യം വച്ചല്ല നിരോധനമെന്നുമാണ് കോളേജ് അധികൃതർ ഹൈക്കോടതിയെ അറിയിച്ചത്.
ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണ് നിരോധനമെന്നായിരുന്നു ഒരു വിഭാഗം വിദ്യാർത്ഥിനികളുടെ വാദം. എന്നാൽ ഇക്കാര്യത്തിൽ ഇടപെടാൻ തയ്യാറാല്ലെന്ന് വ്യക്തമാക്കുകയായിരുന്നു ബോംബെ ഹൈക്കോടതി.