പ്രായമായി, ഇനിയൊന്നും സാധിക്കില്ലെന്ന് ചിന്തിച്ച് പല അവസരങ്ങളും ഒഴിവാക്കുന്ന നിരവധി പേരുണ്ട്. താൽപ്പര്യമുണ്ടെങ്കിലും നാട്ടുകാർ എന്ത് വിചാരിക്കുമെന്ന് കരുതി ആഗ്രഹം മനസിൽ ഒതുക്കുന്നവരാണ് ഭൂരിഭാഗമാളുകളും. എന്നാൽ പ്രായം എന്നത് വെറുമൊരു നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് യുഎസ് വനിതയായ മരീസ തേജോ. സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് റാംപിൽ തിളങ്ങിയ 71-കാരിയെക്കുറിച്ച് അറിയാം.
മിസ് ടെക്സാസ് യുഎസ്എ എന്ന മത്സരത്തിലാണ് മരീസ പങ്കെടുത്തത്. 75 പേർക്കൊപ്പമാണ് മരീസ മത്സരിച്ചത്. മിസ് ടെക്സാസ് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ മത്സരാർത്ഥി കൂടിയായിരുന്നു മരീസ. ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാവുകയാണ് ഈ യുഎസ് വനിത.
ഈ മാസം 22-നായിരുന്നു മത്സരം നടന്നത്. അരിയോന വേർ എന്ന യുവതിയാണ് മത്സരത്തിൽ വിജയിച്ചത്. വിജയക്കുക എന്നതിലുപരി തന്റെ ആഗ്രഹ സഫലീകരണത്തിനാണ് മത്സരത്തിൽ പങ്കെടുക്കാനെത്തിയതെന്ന് മരീസ പറഞ്ഞു.
ഇത്രയും പേർ പങ്കെടുത്ത സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ തനിക്ക് മനസുനിറഞ്ഞ സന്തോഷമുണ്ടെന്നും എല്ലാ സ്ത്രീകളും അവരുടെ മാനസിക – ശാരീരിക ആരോഗ്യത്തിന് വേണ്ടി തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കണമെന്നും മരീസ പ്രതികരിച്ചു.