ന്യൂഡൽഹി: ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ പാർലമെന്റിൽ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ചതിന് ഹൈദരാബാദ് എംപിയും എഐഎംഐഎം അദ്ധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസിയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതി ദ്രൗപദി മുർമു പരാതി. അഭിഭാഷകൻ ഹരി ശങ്കർ ജെയിനാണ് പരാതി നൽകിയത്. ഭരണഘടനയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണെന്ന് കാണിച്ചാണ് പരാതി സമർപ്പിച്ചത്.
ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്തയുടനെ ‘ജയ് പല്സതീൻ’ എന്ന മുദ്രാവാക്യം മുഴക്കിയത് ആ രാജ്യത്തോട് കൂറ് പുലർത്തുന്നതാണെന്നും ഇത് ഗൗരവമേറിയ വിഷയമാണെന്നും ഹരി ശങ്കർ സമർപ്പിച്ച പരാതിയിൽ പറയുന്നു. ആർട്ടിക്കിൾ 103 പ്രകാരം കൊടുംകുറ്റമാണിത്. രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന പരാമർശമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്
ലോക്സഭാ എംപിയായി ഒവൈസി സത്യപ്രതിജ്ഞ ചെയ്ത ശേഷം ‘ജയ് പല്സതീൻ’ എന്ന് വിളിച്ചത് വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്. ” ജയ് ഭീം, ജയ് പലസ്തീൻ, ജയ് തെലങ്കാന, അല്ലാഹു അക്ബർ” എന്ന് പറഞ്ഞുകൊണ്ടാണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. എന്നാൽ വിമർശനങ്ങൾ ഉയരുമ്പോഴും തന്റെ ഭാഗം ന്യായീകരിച്ച് ഒവൈസി രംഗത്തെത്തിയിരുന്നു. തന്റെ മുദ്രവാക്യം ഭരണഘടനയിലെ വ്യവസ്ഥകൾ ലംഘിക്കുന്നതല്ല എന്നായിരുന്നു ഒവൈസിയുടെ വാദം.