തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിന്റെ ഗൂഢാലോചനക്കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ കേസിൽ കുടുക്കാൻ നടത്തിയ ഗൂഢാലോചനയെക്കുറിച്ചാണ് അന്വേഷിച്ചത്. അഞ്ചുപേർക്കെതിരെയാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സിബിഐയുടെ ഡൽഹി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കാനായി ഗൂഢാലോചന നടന്നതായി സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കേന്ദ്രസർക്കാർ അന്വേഷണം സിബിഐക്ക് കൈമാറിയത്.
സംസ്ഥാന പൊലീസിലെയും ഇന്റലിജൻസ് ബ്യൂറോയിലെയും 25 ഉദ്യോഗസ്ഥർക്കെതിരെയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വരും ദിവസങ്ങളിൽ കോടതി കേസ് പരിഗണിക്കും.