തിരുവനന്തപുരം: ഡൽഹിയിലേക്കുള്ള യാത്രക്കിടെ പൊന്നാനി സ്വദേശിയുടെ മരണത്തിനിടയാക്കിയത് ബർത്ത് പൊട്ടിയത് അല്ലെന്ന് അറിയിച്ച് ദക്ഷിണ റെയിൽവെ. മുകളിലുണ്ടായിരുന്ന യാത്രക്കാരൻ ചങ്ങലക്കൊളുത്ത് ശരിയായി ഇടാത്തതാണ് ബർത്ത് താഴെ വീഴാൻ കാരണമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ബർത്തിന് യാതൊരു തകരാറും ഉണ്ടായിട്ടില്ലെന്നും ദക്ഷിണ റെയിൽവെ അറിയിച്ചു.
മലപ്പുറം പൊന്നാനി സ്വദേശി അലി ഖാന് തെലങ്കാനയിൽ വച്ചാണ് ബർത്ത് പൊട്ടി വീണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഡൽഹിയിൽ വച്ച് റെയില്‍വേയുടെ എഞ്ചിനീയര്‍മാര്‍ ബര്‍ത്ത് പരിശോധിച്ചു. ബർത്തിന്റെ ചങ്ങലയടക്കം ഒന്നും പൊട്ടിയതായി കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് ട്രെയിൻ യാത്രക്കിടെ ബർത്ത് പൊട്ടിവീണ് പരിക്കേറ്റ് മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി അലി ഖാൻ (62) മരണപ്പെട്ടത്. അലിഖാൻ കിന്നുറങ്ങിയ ബർത്തിലേക്ക് മധ്യഭാഗത്തുള്ള ബർത്ത് പൊട്ടിവീഴുകയായിരുന്നു. ഡൽഹിയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. തുടർന്ന്, റെയിൽവെ അധികൃതർ അലിഖാനെ വാറങ്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.