ടി20 ലോകകപ്പിലെ ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനലിന് മഴ ഭീഷണി. നാളെ ഗയാനയിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. 60 ശതമാനത്തോളമാണ് മഴ പെയ്യാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. വെസ്റ്റിൻഡീസ് പ്രാദേശിക സമയം രാവിലെ 10.30 ന് 33 ശതമാനമാണ് മഴയ്‌ക്ക് സാധ്യത. എന്നാൽ ഉച്ചയ്‌ക്ക് 1 മണിയോടെ ഇത് 59 ശതമാനത്തിലെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം.
സെമി ഫൈനലിന് ഐസിസി റിസർവ്വ് ഡേ ഏർപ്പെടുത്തിയിട്ടില്ല. പകരം ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടത്തിനായി 250 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. മഴമൂലം മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിന് യോഗ്യത നേടും. സൂപ്പർ 8-ൽ ഗ്രൂപ്പ് ഒന്നിൽ ആദ്യ സ്ഥാനത്തെത്തിയതാണ് ഇന്ത്യക്ക് ഗുണമായത്.
ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. ഇന്ന് കനത്തമഴയെ തുടർന്ന് ഗയാനയിലെ ഇന്ത്യൻ ടീമിന്റെ പരിശീലനം ഉപേക്ഷിച്ചിരുന്നു.