ന്യൂഡൽഹി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനായി വീണ്ടും സാം പിത്രോദയെ നിയമിച്ച തീരുമാനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. പ്രധാനമന്ത്രി ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും കിരൺ റിജിജു ചൂണ്ടിക്കാട്ടി. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് രംഗത്തെത്തിയത്. സാം പിത്രോദയുടെ പുനർനിയമനം സംബന്ധിച്ച് പ്രധാനമന്ത്രി സംസാരിക്കുന്ന പഴയ വീഡിയോയും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
” പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം മുൻകൂട്ടി പറഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയാണെന്നും വടക്കുകിഴക്കുള്ളവർ ചൈനക്കാരെ പോലെയും, പടിഞ്ഞാറുള്ളവർ അറബികളെപോലെയും ഉത്തരേന്ത്യയിലുള്ളവർ വെള്ളക്കാരെ പോലെയുമാണെന്നാണ് രാഹുലിന്റെ ഉപദേശകൻ പറഞ്ഞത്. ഇപ്പോൾ അദ്ദേഹം തിരിച്ചെത്തി. പ്രധാനമന്ത്രി പറഞ്ഞത് പോലെ ഞങ്ങൾ ഈ തീരുമാനത്തിൽ ഇപ്പോൾ ആശ്ചര്യമില്ല’; കിരൺ റിജിജു പറഞ്ഞു.
വിവാദ പ്രസ്താവന നടത്തിയതിന് പിന്നാലെ സാം പിത്രോദയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഭാവിയിൽ വിവാദ പ്രസ്താവനകൾ നടത്തില്ലെന്ന ഉറപ്പിലാണ് സാം പിത്രോദയ്‌ക്ക് വീണ്ടും നിയമനം നൽകുന്നതെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ വാദം. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും സാം പിത്രോദയുടെ നിയമനത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
സാം പിത്രോദയുടെ രാജിയും പുനർനിയമനവുമെല്ലാം തെരഞ്ഞെടുപ്പ് തന്ത്രം മാത്രമായിരുന്നുവെന്നും, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമായിരുന്നുവെന്നും അമിത് മാളവ്യ വിമർശിച്ചു. ”തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ സാം പിത്രോദയ്‌ക്ക് പുനർനിയമനം നൽകി. രാജ്യത്തെ ഒന്നാകെയാണ് കോൺഗ്രസ് വഞ്ചിച്ചത്. ഏതാനും നാളുകൾക്ക് മുൻപ് കണ്ട രാജിയും പുനർനിയമനവുമെല്ലാം വെറും ഇലക്ഷൻ ഗിമ്മിക്ക് ആണെന്നും” അമിത് മാളവ്യ പറഞ്ഞു.















