ന്യൂഡൽഹി: പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് അഭിസംബോധന ചെയ്യും. മൂന്നാമതും എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള രാഷ്‌ട്രപതിയുടെ ആദ്യത്തെ പ്രസംഗമാണിത്. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം പാർലമെൻ്റിന്റെ ഇരുസഭകളിലും നന്ദി പ്രമേയം അവതരിപ്പിക്കും.
പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. രാജ്യസഭാ സമ്മേളനം ഇന്നാണ് ആരംഭിക്കുന്നത്. ഇന്നലെയാണ് ശബ്ദവോട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടാം തവണയും ലോക്സഭാ സ്പീക്കറായി ഓംബിർള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
വികസിത ഭാരതം എന്ന ലക്ഷ്യം നിറവേറ്റുകയാണ് സഭയുടെ ലക്ഷ്യമെന്നും തെരഞ്ഞെടുപ്പിൽ പങ്കാളികളായ എല്ലാ വോട്ടർമാരെയും ലോക്സഭയുടെ പേരിൽ നന്ദി അറിയിക്കുന്നുവെന്നും ഓംബിർള പറഞ്ഞു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റേണ്ടത് സഭയുടെ ഉത്തരവാദിത്തമാണെന്നും അതിന് വേണ്ടി നാം പ്രയത്നിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെന്റിലെ മുഴുവൻ അംഗങ്ങളുടേയും പേരിൽ അഭിനന്ദനങ്ങളറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദിയും സഭയിൽ പറഞ്ഞിരുന്നു. അമൃതകാലത്തിൽ സഭാനാഥനായി വീണ്ടും തുടരുകയെന്നത് വലിയ ഉത്തരവാദിത്വമാണെന്നും അങ്ങയുടെ അനുഭവ പരിജ്ഞാനം കൊണ്ട് അടുത്ത അഞ്ച് വർഷവും ഞങ്ങളെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.















